വക്കം: നിലയ്ക്കാമുക്കിൽ നാട്ടുകാർക്ക് വേണ്ടി നിർമ്മിച്ചിരിക്കുന്നത് നാല് കാത്തിരിപ്പ് കേന്ദ്രങ്ങൾ. അതും നൂറു മീറ്റർ ദുരത്തിനുള്ളിൽ. വക്കം കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന സ്ഥലമാണ് നിലയ്ക്കാമുക്ക് ജംഗ്ഷൻ.
ഇവിടെ വക്കം പഞ്ചായത്ത് അതിർത്തിയിൽ മാത്രം മൂന്നെണ്ണം. അതും നൂറു മീറ്ററിനുള്ളിൽ. നിലവിൽ നാട്ടുകാർ നിർമ്മിച്ച ഡോക്ടർ പത്മനാഭൻ സ്മാരക കാത്തിരിപ്പ് കേന്ദ്രം വർഷങ്ങളായി നില നിൽക്കുന്നു. അതിനോട് ചേർന്ന് അഡ്വ. ബി. സത്യൻ എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് മറ്റൊരു കാത്തിരിപ്പ് കേന്ദ്രം. അല്പം കൂടി മുന്നോട്ട് പോയാൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗത്തിന്റെ കാത്തിരിപ്പ് കേന്ദ്രം. ഇതിനെല്ലാം പുറമേ റോഡിന്റെ മറുവശത്ത് ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ കാത്തിരിപ്പ് കേന്ദ്രം.
ഇതെല്ലം കണ്ട് അന്തം വിട്ട് നിൽക്കുകയാണ് നിലയ്ക്കാമുക്ക് നിവാസികൾ. സത്യൻ എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രത്തിനോട് ചേർന്നുള്ള പഴയ കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റാൻ ചില കേന്ദ്രങ്ങൾ ശ്രമങ്ങൾ നടത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇതറിഞ്ഞ നാട്ടുകാർ ഡോ. പത്മനാഭൻസ് സ്മാരക കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി പെയിന്റും അടിച്ച് ബോർഡും വെച്ചതോടെ പൊളിക്കൽ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇനി എം.പി വകയും, ബ്ലോക്ക് പഞ്ചായത്ത് വകയും കാത്തിരിപ്പ് കേന്ദ്രം വരുമോ എന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. എന്തായാലും കാത്തിരിപ്പ് കേന്ദ്രങ്ങളിൽ യാത്രക്കാർ കുറവാണങ്കിലും തെരുവ് നായ്ക്കൾക്ക് വിശ്രമിക്കാൻ ഒരിടമായി.