നെയ്യാറ്റിൻകര: താലൂക്കിൽ ഒരു കാലത്ത് മുഖ്യമായിരുന്ന നെൽകൃഷിയും വയലേലകളും ഇന്ന് ഇല്ലാതാകുന്നു. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ താലൂക്കിലെ നെൽപ്പാടങ്ങൾ പകുതിയോളം മറ്റ് കൃഷികൾക്കായി വിനിയോഗിക്കപ്പെട്ടതായാണ് കൃഷിവകുപ്പിന്റെ കണക്ക്. കൃഷി നഷ്ടത്തിലായതാണ് പ്രധാനമായും നെൽകൃഷിയോട് വിടചൊല്ലാൻ കർഷകരെ പ്രേരിപ്പിച്ചതത്രേ. ഇവിടെ നെല്ല് ഉത്പാദിപ്പിക്കാനായി ചെലവിടുന്ന തുകയെക്കാൾ കുറഞ്ഞ വിലയ്ക്ക് സമീപ ജില്ലകളിൽ നിന്നും അരി ലഭ്യമായതോടെ വിപണിയും നെൽകർഷകരെ കൈയൊഴിഞ്ഞു. ഏത് പ്രതികൂല കാലാവസ്ഥയിലും നെൽകൃഷി ചെയ്യാനായാണ് നെയ്യാർഡാമും അതിലൂടെ ജലലഭ്യതയ്ക്കായി ഇടതുകര -വലതുകര കനാലും നിർമ്മിച്ചത്. എന്നാൽ വേണ്ടത്ര ജലം തുറന്നു വിടാത്തത്കാരണം ഈ പ്രദേശത്തെ നെൽകൃഷിയാണ് ഇല്ലാതായത്.

കുന്നത്തുകാൽ, പിരായുംമൂട്, ചെങ്കൽ, മാരായമുട്ടം, പെരുമ്പഴുതൂർ, പെരുങ്കടവിള, കോട്ടുകാൽ, വെള്ളായണി തുടങ്ങിയ സ്ഥലങ്ങളിലെ ഹെക്ടർ കണക്കിന് വയലേലകളിൽ തൊഴിലാളികളുടെ ലഭ്യതക്കുറവ് ഉണ്ടാകാതിരിക്കാനാണ് കുന്നത്തുകാൽ കേന്ദ്രീകരിച്ച് ലേബ‌ർ ബാങ്ക് സ്ഥാപിച്ചത്. എന്നാൽ ഇപ്പോൾ ഇതും നോക്കുകുത്തിയായി മാറി. ആവശ്യത്തിന് തൊഴിലാളികളെ നൽകാൻ ലേബർബാങ്ക് അധികൃതർ തയാറാണെങ്കിലും കൃഷി ചെയ്യാനുള്ള മറ്റ് ഘടകങ്ങളുടെ ചേർച്ചക്കുറവ് കാരണം ചെറുകിട കർഷകർ തൊഴിലാളികളെ ആവശ്യപ്പെടാതായി. അതോടെ ലേബർ ബാങ്കിന്റെ പ്രസക്തി കുറഞ്ഞു.
വെള്ളായണിയിലെ പണ്ടാരക്കരി, നിലമക്കരി, കാഞ്ഞിരംതടി, മാങ്കിളിക്കരി എന്നീ നാല് പാടശേഖരങ്ങളിലെ ഹെക്ടർ കണക്കിന് നെൽകൃഷി ഇപ്പോൾ ഇല്ലാതാകുകയാണ്. അധികൃതരുടെ അനാസ്ഥ കാരണമാണ് വെള്ളായണിയിലെ പുഞ്ചപ്പാടങ്ങളിലെ കൃഷി നിലച്ചതെന്നാണ് ആക്ഷേപം. വർഷത്തിൽ രണ്ട് തവണ കൃഷിയിറക്കിയിരുന്ന പാടങ്ങളാണിവ. നിലമക്കരിയിൽ വർഷങ്ങളായി കൃഷിയിറക്കാത്തതുകാരണം പാടം നശിച്ചു. ഈ പാടത്ത് നിലമൊരുക്കൽ ഇനി ദുഷ്‌കരമായിരിക്കുമെന്ന് കർഷകർ പറയുന്നു.

കൃഷിയിറക്കി കൊയ്ത്തിന് പാകമാവുമ്പോൾ തൊട്ടടുത്ത കന്നുകാലി ചാലിൽ നിന്ന് വെള്ളം പാടത്ത് കയറി കൃഷിനാശം പതിവായതോടെയാണ് കർഷകരിൽ പലരും കൃഷി മതിയാക്കിയത്. കന്നുകാലിച്ചാലിൽ നിന്ന് ചെളി നീക്കംചെയ്ത് കൃത്യമായ ഇടവേളകളിൽ ആഴം കൂട്ടാത്തതുകാരണം മഴയത്ത് കായലിൽ നിറയുന്ന ജലം പാടത്തേക്ക് എത്തും.
അടുത്തിടെ ജില്ലാപഞ്ചായത്ത് ഇടപെട്ട് കന്നുകാലി ചാലിന്റെ പായൽ മാത്രം നീക്കം ചെയ്തിരുന്നു. കന്നുകാലി ചാലിൽ നിന്നുള്ള വെള്ളം കൃഷിക്ക് ആവശ്യത്തിനുമാത്രമായി എത്തിക്കാൻ നേരത്തേ പുഞ്ചക്കരി പാലത്തിനു സമീപം ഒരു ഷട്ടർ ഉണ്ടായിരുന്നു. ഇത് കാലക്രമേണ നശിച്ചു. പുതിയത് സ്ഥാപിച്ചെങ്കിലും കാര്യക്ഷമമായിട്ടില്ലെന്നാണ് പരാതി.
പാടത്ത് അമിതമായി വെള്ളം കയറുമ്പോൾ വ​റ്റിച്ചു കളയുന്ന രീതിയും നിലച്ചു.
കന്നുകാലി ചാലിന്റെ ഒരുഭാഗം കോവളം നയോജക മണ്ഡലത്തിലും നിലമക്കരി ഭാഗം നേമം നയോജകമണ്ഡലത്തിലുമാണ്. എം.എൽ.എ.മാരുടെ ഇടപെടൽ സജീവമായാൽ ഇനിയും കൃഷി ഇറക്കാൻ കഴിയുമെന്ന് കർഷകർ പറയുന്നു.