photo

നെടുമങ്ങാട്: സർഗാത്മകമായ ജനകീയാസൂത്രണ പ്രവർത്തനങ്ങളിലൂടെ ജില്ലാപഞ്ചായത്തിനെ ദേശീയ പുരസ്‌കാര നിറവിൽ എത്തിച്ച് പാലോട്ടുകാരുടെ മധുവണ്ണൻ. മികച്ച ജില്ലാപഞ്ചായത്തിനുള്ള ദീൻ ദയാൽ ഉപാദ്ധ്യായ ശാക്തീകരൺ പുരസ്‌കാരമാണ് ഇത്തവണ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന്റെ വിജയ കിരീടത്തിലെ പൊൻതൂവൽ. സംസ്ഥാന സർക്കാരിന്റെ മികച്ച ജനപ്രതിനിധിക്കുള്ള പ്രതിഭാ പുരസ്കാരത്തിനും സ്വരാജ് ട്രോഫിക്കും പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ പുരസ്കാരം. ഗ്രാമീണ ഗ്രന്ഥശാല, നാടക പ്രവർത്തന രംഗത്തെ പ്രതിഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദത്തിലും നേട്ടം കൊയ്യുമ്പോൾ നാട്ടുകാരുടെ ആഹ്ലാദത്തിന് അതിരില്ല.

ഒരു നേരമെങ്കിലും അന്നത്തിന് വകയില്ലാത്ത അയ്യായിരത്തോളം കുടുംബങ്ങൾക്ക് വീടുകളിൽ പൊതിച്ചോറ് എത്തിക്കുന്ന 'പാഥേയം" പദ്ധതിയും ഗിന്നസ് റെക്കാഡിൽ ഇടംപിടിച്ച സ്ത്രീ ശാക്തീകരണ കാമ്പെയിൻ 'രക്ഷ"യും ശുദ്ധജലക്ഷാമം പരിഹരിക്കാനുള്ള മഴവെള്ളസംഭരണ പദ്ധതി 'ജലശ്രീ"യും നെൽകൃഷി വ്യാപനത്തിനുള്ള 'കേദാരം" പദ്ധതിയും ഏറെ ശ്രദ്ധനേടിയിരുന്നു. ആദിവാസി ഊരുകളിലെ കുട്ടികൾക്ക് രാത്രികാല പഠനക്ലാസ് ഒരുക്കിയ 'വനജ്യോതി" പദ്ധതിയും ഫലം കണ്ടു. എസ്റ്റേറ്റ് സമരങ്ങളിലൂടെ വളർന്നുവന്ന വി.കെ. മധു അരനൂറ്റാണ്ടിലേറെയായി പാലോട് കാർഷിക -കലാമേളയുടെ മുഖ്യസംഘാടകനാണ്. ഇപ്പോൾ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം. സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയായിരുന്നു. റിട്ട.അദ്ധ്യാപിക ജി.എൽ. ഷീല ഭാര്യയാണ്. ജേർണലിസം പി.ജി വിദ്യാർത്ഥി എം.എസ്. അഭിവാദും ബി.എസ്‌സി അവസാനവർഷ വിദ്യാർത്ഥി എം.എസ്. അഭിനന്ദുമാണ് മക്കൾ.