കിളിമാനൂർ: ഭാരതീയചിത്രകലാപാരമ്പര്യത്തിന്റെ ദീപ്ത മുഖമായ രാജാരവിവർമ്മയുടെ സ്മരണ നിലനിറുത്താനായി തുടങ്ങിവച്ച പദ്ധതികളൊന്നും തന്നെ അതിന്റെ പൂർണതയിലെത്തിക്കാൻ കഴിയാതെ പോയി എന്നതാണ് വാസ്തവം. കൊട്ടാരച്ചുവരുകളിൽ കോറിയിട്ട ചിത്രങ്ങളിൽ തുടങ്ങിയ രവിവർമ്മയുടെ കലാതപസ്യ നിറഞ്ഞു നിൽക്കുന്ന കൊട്ടാരവും പണിപ്പുരയായ ആർട്ട് ഗാലറിയുമെല്ലാം ഇന്ന് ഒരു പുനർജന്മം കാത്ത് കഴിയുകയാണെന്ന് പറയാതെ വയ്യ. നവീകരണത്തിനായി കൊട്ടാരവളപ്പിൽ ഹരിശ്രീ കുറിച്ച നിരവധി പദ്ധതികളാണ് എങ്ങുമെത്താതെ പോയത്. ചിത്രകലയുടെ നെറുകയിലെത്തിയ അദ്ദേഹത്തിന്റെ ഓർമ്മകളുള്ള നിരവധി വസ്‌തുക്കളാണ് ഇവിടുള്ളത്. ചിത്രശാലയിലേക്ക് തടസമില്ലാതെ സൂര്യപ്രകാശം എത്തുന്നതിന് വിദേശത്ത് നിന്ന് കൊണ്ടുവന്ന ജനൽ ഗ്ലാസ് തുടങ്ങിയവ ഉദാഹരണം. രാജാരവിവർമ്മയെയും ചിത്രങ്ങളെയും അധികാരികൾ ഓർക്കുന്നത് അദ്ദേഹത്തിന്റെ ജന്മദിനത്തിലും ചരമദിനത്തിലും സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ മാത്രമായി ഒതുങ്ങിയെന്നാണ് കലാസ്വാദകരുടെ പരാതി.
അല്പം ചരിത്രം
ഈ കൊട്ടാരത്തിന് 400 വർഷത്തോളം പഴക്കമുണ്ട്. 1739ൽ കൊട്ടാരക്കര രാജാവിനു വേണ്ടി വേണാട് ആക്രമിച്ച ഡച്ച് പീരങ്കിപ്പടയെ കിളിമാനൂർ വലിയ തമ്പുരാന്റെ നേതൃത്വത്തിലുള്ള കിളിമാനൂരിലെ സൈന്യം പരാജയപ്പെടുത്തുകയും വലിയ തമ്പുരാൻ വീരചരമമടയുകയും ചെയ്തു. ഈ വിജയം അംഗീകരിച്ചു മാർത്താണ്ഡവർമ്മ മഹാരാജാവ് 1753ൽ കിളിമാനൂർ പ്രദേശം കരമൊഴിവാക്കി സ്വയംഭരണാവകാശം വിട്ടു കൊടുക്കുകയും ഇപ്പോൾ കാണുന്ന കൊട്ടാരം പണിയിപ്പിക്കുകയും ചെയ്തു
സന്ദർശകരേ ഇതിലേ
തിരുവനന്തപുരത്ത് നിന്ന് 39 കി.മീ അകലെയാണ് കിളിമാനൂർ കൊട്ടാരം സ്ഥിതിചെയ്യുന്നത്. കിളിമാനൂർ ജംഗ്ഷനിൽ നിന്ന് 2 കി.മീ അകലെ ചൂട്ടയിൽ ജംഗ്ഷനിൽ നിന്നു തിരിഞ്ഞാണ് കൊട്ടാരത്തിലേക്ക് പോകുന്നത്. ജംഗ്ഷനിൽ നിന്ന് അരക്കിലോമീറ്റർ ദൂരം മാത്രം. ഹൈവേയിൽ ആലങ്കോട് നിന്ന് 7കി.മീ ദൂരമുണ്ട് ചൂട്ടയിലെത്താൻ.
1.കൊട്ടാരം ഇന്ന്
രാജകുടുംബത്തിലെ താവഴിയിലെ 5 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കൊട്ടാരത്തിലെ ഉത്സവത്തോടനുബന്ധിച്ച് വിവിധ കോണുകളിൽ കഴിയുന്ന കുടുംബാംഗങ്ങൾ എത്തിച്ചേരുകയാണ് പതിവ്. കുംഭമാസത്തിലെ മകയിരത്തിൽ കൊടിയേറി ഉത്രത്തിന് ആറാട്ട് നടക്കുന്ന രീതിയിലാണ് ഉത്സവം.
കൊട്ടാരത്തിൽ താമസക്കാർ ഉള്ളതിനാൽ സന്ദർശകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നടന്ന പ്രവർത്തനങ്ങൾ
1. എം.എ. ബേബി സാംസ്കാരിക മന്ത്രിയായിരുന്നപ്പോൾ കൊട്ടാര ഉടമസ്ഥ അവകാശം രാജകുടുംബത്തിനും, സംരക്ഷണവും പുനർനിർമ്മാണവും ആർക്കിയോളജിക്കൽ വകുപ്പിനും നൽകി.
2. പഞ്ചായത്ത് നൽകിയ രണ്ടേക്കർ ഭൂമിയിൽ ലളിതകലാ അക്കാഡമി രവിവർമ്മ സാംസ്കാരിക നിലയം സ്ഥാപിച്ചു.
3. കൊട്ടാരത്തിലെ ക്ഷയിച്ച ഭാഗം നവീകരിച്ചു. കുളം ആർക്കിയോളജിക്കൽ വകുപ്പ് നവീകരിച്ചു.
ആവശ്യങ്ങൾ
1.കിളിമാനൂരിൽ ഒരു രവിവർമ്മ പ്രതിമ സ്ഥാപിക്കണം.
2. കിളിമാനൂർ - ആലംകോട് റോഡിലെ ചൂട്ടയിൽ നിന്ന് കൊട്ടാരം
വരെയുള്ള പാത രാജകീയമാക്കി, ചൂട്ടയിൽ പ്രവേശന കവാടം സ്ഥാപിക്കണം.
3.രവിവർമ്മയുടെ പേരിൽ യൂണിവേഴ്സിറ്റികളിൽ ഏതിലെങ്കിലും ചെയർ അനുദിക്കണം.
4. ചിത്രകല ഉൾപ്പെടെ കലകൾ പഠിപ്പിക്കുന്നതിന് കൊട്ടാരത്തിനോട് ചേർന്ന് സ്ഥിരം ശാല സ്ഥാപിക്കണം.
പ്രഖ്യാപനങ്ങൾ
2017ൽ ജന്മദിനത്തോടനുബന്ധിച്ച് ബഡ്ജറ്റ് വിഹിതത്തിൽ നിന്നു സാംസ്കാരിക വകുപ്പ് 25 ലക്ഷം രൂപ അമിനിറ്റി സെന്ററിനായി അനുവദിച്ചു. നാളിതുവരെ ഒരു പ്രവർത്തനവും ആരംഭിച്ചില്ല.
സാംസ്കാരിക വകുപ്പ് മന്ത്രി കൊട്ടാരത്തിലേക്കുള്ള പാത പൈതൃക പാതയാക്കാനും, കൂടുതൽ വികസനത്തിനുമായി ഫണ്ട് അനുവദിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും നടപടികൾ ഉണ്ടായില്ല.
പ്രതികരണം: മഹത്തായ കലാകാരന്റെ സ്മരണ നിലനിറുത്തുന്നതിനും, കൊട്ടാരം, സാംസ്കാരിക നിലയം എന്നിവയുടെ സംരക്ഷണത്തിനും നവീകരണത്തിനും വേണ്ടി സർക്കാരിന്റെ മുന്നിൽ വീണ്ടും വിഷയം അവതരിപ്പിക്കും.
- ബി. സത്യൻ എം.എൽ.എ