കിളിമാനൂർ: കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡിജിറ്റൽ എക്സറേ - യൂണിറ്റ് ഉടൻ പ്രവർത്തനമാരംഭിക്കും. ഇവിടെ പ്രവർത്തിച്ചിരുന്ന എക്സറേ യൂണിറ്റ് പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായി. ഇവിടെയെത്തുന്ന രോഗികൾ സ്വകാര്യ ലാബുകളെയാണ് ആശ്രയിച്ചിരുന്നത്. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കിഴിലെ ഏറ്റവും പ്രധാനപ്പെട്ട കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ ഒന്നാണ് കേശവപുരം കമ്യൂണിറ്റി ഹെൽത്ത് സെന്റർ.
ദിവസേന നൂറു കണക്കിന് രോഗികൾ എത്തുന്ന ഇവിടെ ഒടിവോ, ചതവോ, ആക്സിഡന്റോ ആയി എത്തിയാൽ കിലോമീറ്ററുകൾക്ക് അപ്പുറത്തുള്ള സ്വകാര്യ ലാബുകളെയോ സാധാരണക്കാർക്ക് ചിറയിൻകീഴ്, കടയ്ക്കൽ തുടങ്ങി താലൂക്ക് ആശുപത്രികളെയോ ആശ്രയിക്കുകയോ നിവർത്തി ഉണ്ടായിരുന്നുള്ളൂ. പഴയ എക്സറേ - യൂണിറ്റ് പ്രവർത്തന രഹിതമായതിനെ തുടർന്ന് ഡി.എച്ച്.സി ഫണ്ടിൽ നിന്നും കെട്ടിട നിർമ്മാണത്തിനും എക്സറേ - യൂണിറ്റിനുമായി 34 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.
എന്നാൽ കരാറുകാരൻ ജോലി പൂർത്തിയാക്കാൻ കാലതാമസം എടുത്തതിനെ തുടർന്ന് പുതിയ യൂണിന്റെ പ്രവർത്തനം ആരംഭിക്കാൻ നീണ്ടു പോകുകയുമായിരുന്നു. ഇത് ചൂണ്ടി കാട്ടി കേരള കൗമുദി ഉൾപ്പെടെ മാദ്ധ്യമങ്ങൾ വാർത്തകൾ നൽകുകയും, ബ്ലോക്ക് പഞ്ചായത്തും, എം.എൽ.എ.യും അടിയന്തരമായി ഇടപെടുകയും കരാറുകാരനെ കൊണ്ട് പണി പൂർത്തിയാക്കുകയും ആയിരുന്നു.