train

തിരുവനന്തപുരം: ഇനി തിരുവനന്തപുരത്തു നിന്നും മൈസൂരുവിലേക്ക് എല്ലാ ദിവസവും ട്രെയിനിലും പോകാം. ആദ്യത്തെ കൊച്ചുവേളി- മൈസൂരു ട്രെയിൻ 26ന് ഓടിത്തുടങ്ങും. നിലവിലുള്ള കൊച്ചുവേളി- ബംഗളൂരു ട്രെയിൻ 139 കിലോമീറ്റർ അകലെയുള്ള മൈസൂരുവിലേക്ക് നീട്ടിയതോടെയാണ് ഇത് സാദ്ധ്യമായത്. നേരത്തെ സംസ്ഥാനത്തെ നഗരങ്ങളിൽ നിന്നും മൈസൂരുവിലേക്കു പോകണമെങ്കിൽ ബസിൽ യാത്രചെയ്യണമായിരുന്നു. അല്ലെങ്കിൽ ബംഗളൂരുവിൽ ട്രെയിനിറങ്ങി പാസഞ്ചർ ട്രെയിനിനെ ആശ്രയിക്കണം. ഈ അവസ്ഥയ്ക്കാണ് 26 മുതൽ മാറ്റം വരുന്നത്.

കൊച്ചുവേളി- ബംഗളൂരു പ്രതിദിന ട്രെയിനിന്റെ സമയക്രമം മാറ്റാതെയാണ് ട്രെയിൻ മൈസൂരുവിലേക്കു നീട്ടുന്നത്. വൈകിട്ട് 4.45ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാവിലെ 8.35നു ബംഗളൂരുവിലും 11.20നു മൈസൂരുവിലും എത്തും. 12.50നു മൈസൂരുവിൽ നിന്നും പുറപ്പെടും. 4.35നു ബംഗളൂരുവിലെത്തും. പിറ്റേന്നു രാവിലെ 9.35ന് കൊച്ചുവേളിയിലുമെത്തും. ബംഗളൂരുവിനും മൈസൂരുവിനുമിടയിൽ മാണ്ഡ്യയിൽ സ്റ്റോപ്പുണ്ടാകും.