photo

നെടുമങ്ങാട്: കർഷകരുടെ സ്വപ്നമായി മാത്രം അവശേഷിക്കുന്ന കൃഷിഭവനും മൃഗാശുപത്രിയും പ്രവർത്തിക്കുന്ന നിമിഷത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷം 16 കഴിഞ്ഞു. ഇവ ഉളിയൂരിലെ കുന്നിൻ മുകളിൽ കാട് മൂടിക്കിടക്കുകയാണിപ്പോൾ. കർഷകർക്ക് എത്തിപ്പെടാനുള്ള പ്രയാസം കാരണം ഇവ നഗരഹൃദയത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ കൗൺസിൽ യോഗം എടുത്ത തീരുമാനം ഇപ്പോഴും നടപ്പിലായിട്ടില്ല. 39 വാർഡുകളുള്ള മുനിസിപ്പാലിറ്റിയിലെ ഏറ്റവും ഒഴിഞ്ഞ കോണിലാണ് കൃഷിഭവനും മൃഗാശുപത്രിയും സ്ഥിതിചെയ്യുന്നത്. നഗരാതിർത്തിയിൽ ബസിറങ്ങി രണ്ട് കിലോമീറ്റർ കാൽനടയായോ നൂറുരൂപ കൊടുത്ത് ആട്ടോറിക്ഷ വിളിച്ചോ മാത്രമേ കർഷകർക്കും ജീവനക്കാർക്കും ഇവിടെയെത്താൻ സാധിക്കൂ. 2003ൽ അന്നത്തെ കൃഷിമന്ത്രി കെ.ആർ. ഗൗരിഅമ്മയാണ് കർഷകരുടെ സ്വപ്ന സാക്ഷാത്കാരമായി കൃഷിഭവനും മൃഗാശുപത്രിയും ഉദ്‌ഘാടനം ചെയ്തത്. എന്നാൽ ആളൊഴിഞ്ഞ കോണിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് എത്തിപ്പെടാൻ ഉപഭോക്താക്കൾ കഴിയാതായതോടെ സ്ഥാപനം പൂർണമായും നോക്കുകുത്തിയായി മാറി.

എല്ലാ കോണുകളിലും നിന്നുള്ള ആവശ്യം പരിഗണിച്ച് അടിയന്തരമായി ടൗണിൽ മാറ്റി പ്രവർത്തിപ്പിക്കാനായിരുന്നു നഗരസഭയുടെ തീരുമാനം. ഇതനുസരിച്ച് കുറച്ച് നാൾ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിൽ ഇവയുടെ പ്രവർത്തനം ക്രമീകരിക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര മാർക്കറ്റിനോട് ചേർന്നുള്ള വിസ്തൃതമായ ഓഫീസ് സമുച്ചയത്തിലേക്ക് പ്രവർത്തനം വിപുലപ്പെടുത്താനായിരുന്നു പദ്ധതി. കൃഷിഭവനും മൃഗാശുപത്രിക്കും സ്ഥലം വിട്ടു നൽകാൻ അഡിഷണൽ അഗ്രിക്കൾച്ചർ ഡയറക്ടർ നിർദേശം നൽകുകയും ചെയ്തു. എന്നാൽ, ഉളിയൂരിലെ കൗൺസിലറുടെ നേതൃത്വത്തിൽ കോടതിയെ സമീപിച്ച് സ്റ്റേ ഓർഡർ നേടിയത് തിരിച്ചടിയായി. പിന്നീട് ഇതേ കൗൺസിലർ സ്റ്റേ നീക്കാൻ മുന്നോട്ടു വന്നെങ്കിലും കൗൺസിൽ മൗനം പാലിക്കുന്നു എന്നാണ് ആക്ഷേപം.

കൃഷി സജീവമായി നടക്കുന്ന പ്രദേശമാണ് നെടുമങ്ങാട് നഗരസഭ. തരിശിടുന്ന ഭൂമി തീരെകുറവ്. ഇപ്പോൾ ചെല്ലാംകോട് ഏലായിലും പരിസരങ്ങളിലും വീണ്ടും നെൽകൃഷി പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ ഒരാവശ്യത്തിന് കർഷകർക്ക് കൃഷിഭവനിൽ എത്താൻ കഴിയില്ല. അത്രയും ബുദ്ധിമുട്ടുള്ള സ്ഥലത്താണ് കൃഷിഭവൻ പ്രവർത്തിക്കുന്നത്. ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കായി കർഷകർക്ക് ഇവിടെ എത്താൻ പ്രയാസമാണ്. മൃഗാശുപത്രിയും കൃഷിഭവനും ഒരു കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇതേപ്രശ്നം ക്ഷീരകർഷകരും അനുഭവിക്കുന്നുണ്ട്. ജീവനക്കാരുടെ അഭാവവും ഈ സർക്കാരോഫീസുകളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.