തിരുവനന്തപുരം: ശക്തമായ ത്രികോണപ്പോരാട്ടം നടക്കുന്ന മണ്ഡലം എന്ന നിലയ്ക്കാണ് ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് ശ്രദ്ധാകേന്ദ്രമാകുക. 2011ൽ മണ്ഡല രൂപീകരണത്തിനുശേഷം രണ്ടുതവണയും കെ. മുരളീധരന്റെ വ്യക്തിപ്രഭാവത്തിൽ യു.ഡി.എഫിനെ പിന്തുണച്ച ചരിത്രമാണ് വട്ടിയൂർക്കാവിനുള്ളത്. അതുകൊണ്ടുതന്നെ മുരളീധരന്റെ അഭാവത്തിൽ സീറ്റ് നിലനിറുത്തുകയെന്ന പ്രസ്റ്റീജ് പോരാട്ടമാണ് യു.ഡി.എഫിന്റേത്. തിരുവനന്തപുരം നോർത്ത് മണ്ഡലമായിരുന്നപ്പോൾ ഏറ്റവുമധികം വിജയിച്ച ചരിത്രമാണ് എൽ.ഡി.എഫിനുള്ളത്. കെ. മുരളീധരനെപ്പോലൊരു ശക്തനായ സ്ഥാനാർത്ഥി മത്സരിക്കാനില്ലെന്നിരിക്കെ, മണ്ഡലത്തിലെ പ്രതാപം തിരിച്ചുപിടിക്കാനുള്ള സുവർണാവസരമാണിത്. കഴിഞ്ഞ തവണ ബി.ജെ.പിക്കും പിറകിൽ മൂന്നാമതായതിന്റെ ക്ഷീണവും മുന്നണിക്ക് മറികടക്കേണ്ടതുണ്ട്. ശബരിമല വിഷയവും എൻ.എസ്.എസ് വോട്ടുകളും നിർണായകമാകുന്ന മണ്ഡലത്തിൽ മികച്ച പ്രകടനത്തിലൂടെ നിയമസഭയിലെ രണ്ടാമത്തെ സീറ്റ് നേടുകയെന്ന ലക്ഷ്യത്തിലാണ് ബി.ജെ.പി.
പഴയ നോർത്ത് മണ്ഡലത്തിൽനിന്ന് കുറച്ചുഭാഗം ഒഴിവാക്കിയും തിരുവനന്തപുരം ഈസ്റ്റിന്റെയും കഴക്കൂട്ടത്തിന്റെയും ചില ഭാഗങ്ങൾ ചേർത്തുമാണ് വട്ടിയൂർക്കാവുണ്ടായത്. കോർപറേഷന്റെ 24 വാർഡുകളാണ് മണ്ഡലത്തിൽ. പത്ത് വാർഡ് എൽ.ഡി.എഫിനും ഒമ്പതെണ്ണം ബി.ജെ.പിക്കും അഞ്ചെണ്ണം യു.ഡി.എഫിനുമാണ്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിലെ ആകെ വോട്ടിൽ എൽ.ഡി.എഫ് മുന്നിലെത്തിയെങ്കിലും പിന്നീട് നടന്ന നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി സംഭവിച്ചു. 2014ൽ ലോക്സഭയിലേക്ക് ഒ. രാജഗോപാലിലൂടെ മണ്ഡലത്തിൽ ബി.ജെ.പി മുന്നിലെത്തിയപ്പോൾ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേട്ടം യു.ഡി.എഫിലെ ശശി തരൂരിനായി.
1977ൽ സ്വതന്ത്രനായ കെ. രവീന്ദ്രൻ നായരാണ് നോർത്ത് മണ്ഡലത്തിലൂടെ ആദ്യമായി നിയമസഭയിലെത്തിയത്. 1980ൽ എൽ.ഡി.എഫിലെ കെ. അനിരുദ്ധനും 82ൽ യു.ഡി.എഫിലെ ജി. കാർത്തികേയനും. 87, 91, 96 തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് എം. വിജയകുമാറിലൂടെ ഹാട്രിക് വിജയം. 2001ൽ യു.ഡി.എഫിലെ കെ. മോഹൻകുമാറിനോട് എം. വിജയകുമാർ തോറ്റു. 2006ൽ വിജയം തിരിച്ചുപിടിച്ചു.
സ്ഥാനാർത്ഥി ചർച്ചകൾ സജീവം
ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെ സ്ഥാനാർത്ഥി ചർച്ചകൾ സജീവമായി. കെ. മുരളീധരനു മത്സരിക്കാൻവേണ്ടി വട്ടിയൂർക്കാവിൽ സ്ഥാനമൊഴിഞ്ഞു കൊടുത്ത കെ. മോഹൻകുമാറിനാണ് യു.ഡി.എഫിന്റെ പ്രഥമ പരിഗണന. ശബരിമല ചർച്ചയാകുമെന്നിരിക്കെ പ്രയാർ ഗോപാലകൃഷ്ണനെയും പരിഗണിച്ചേക്കും. എന്നാൽ ഐ ഗ്രൂപ്പിന്റെ സീറ്റാണ് വട്ടിയൂർക്കാവ് എന്നത് എ ഗ്രൂപ്പുകാരനായ പ്രയാറിന് തിരിച്ചടിയായേക്കും. മുരളീധരന്റെ മണ്ഡലം എന്ന നിലയ്ക്ക് പദ്മജയുടെ പേരും ഉയർന്നുകേൾക്കുന്നുണ്ട്. എന്നാൽ വട്ടിയൂർക്കാവിൽ മത്സരിക്കാൻ താത്പര്യമില്ലെന്നും തൃശൂരാണ് തന്റെ പ്രവർത്തന മണ്ഡലമെന്നുമാണ് പദ്മജ പറയുന്നത്. ജ്യോതികുമാർ ചാമക്കാല, നെയ്യാറ്റിൻകര സനൽ, ശാസ്തമംഗലം മോഹൻ, ജെ.എസ്. അഖിൽ, ജ്യോതി വിജയകുമാർ എന്നിവരുടെ പേരും പരിഗണനയിലുണ്ട്. മുതിർന്ന നേതാവ് എൻ. പീതാംബരക്കുറുപ്പ് പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. കെ. മുരളീധരന്റെ അഭിപ്രായം നിർണായകമായേക്കും. ഔദ്യോഗികചർച്ചകൾ നാളെ തുടങ്ങും രണ്ടു ദിവസത്തിനകം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നാണറിയുന്നത്.
കഴിഞ്ഞതവണ തോറ്റെങ്കിലും ടി.എൻ. സീമയ്ക്ക് ഒരവസരം കൂടി നൽകണമെന്നാണ് ഇടതുമുന്നണിയിൽ ഒരു വിഭാഗത്തിന്റെ അഭിപ്രായം. പ്രളയദുരിതാശ്വാസ പ്രവർത്തനത്തിൽ മികവുറ്റ നേതൃപാടവം കൊണ്ട് സംസ്ഥാനമൊട്ടാകെ ശ്രദ്ധിക്കപ്പെട്ട മേയർ വി.കെ. പ്രശാന്താണ് എൽ.ഡി.എഫിന്റെ പരിഗണനയിലുള്ള മറ്റൊരാൾ. പൊതുസമ്മതനായ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയെയും സി.പി.എം പരിഗണിച്ചേക്കും. എം. വിജയകുമാർ, മുൻ എം.എൽ.എ വി. ശിവൻകുട്ടി, കരകൗശല വികസന കോർപറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാർ, ഐ.എ.എസ് പദവി രാജിവച്ച കണ്ണൻ ഗോപിനാഥൻ എന്നിവരെയും പരിഗണിക്കുന്നുണ്ട്. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം ബുധനാഴ്ച ജില്ലാ സെക്രട്ടേറിയറ്റ് ചേർന്ന് സ്ഥാനാർത്ഥിയെ നിശ്ചയിക്കും.
കഴിഞ്ഞ നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി രണ്ടാമതെത്തിയ മണ്ഡലമാണ് വട്ടിയൂർക്കാവ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശശി തരൂരിനെക്കാൾ 2836 വോട്ടുകൾക്കു മാത്രം പിറകിലായിരുന്നു കുമ്മനം. 7622 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുരളീധരൻ കഴിഞ്ഞകുറി എം.എൽ.എയായത്. വട്ടിയൂർക്കാവിൽ കുമ്മനത്തെ മത്സരിപ്പിക്കാനാണ് പാർട്ടിക്ക് താത്പര്യം. എന്നാൽ മത്സരിക്കാനില്ലെന്ന് കുമ്മനം പ്രഖ്യാപിച്ചത് ബി.ജെ.പി ക്യാമ്പിനെ തെല്ല് ആശങ്കയിലാക്കിയിട്ടുണ്ട്. കുമ്മനം മത്സരിക്കുന്നില്ലെങ്കിൽ സംസ്ഥാന സെക്രട്ടറി വി.വി. രാജേഷിനാണ് സാദ്ധ്യത. ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, സംസ്ഥാന വക്താവ് എം.എസ്. കുമാർ എന്നിവരാണ് പരിഗണനയിലുള്ള മറ്റു പേരുകൾ.
വട്ടിയൂർക്കാവ് വോട്ടുനില :
2016 നിയമസഭ
യു.ഡി.എഫ് - 51,322
എൻ.ഡി.എ - 43,700
എൽ.ഡി.എഫ് -40,441
2019 ലോക്സഭ
യു.ഡി.എഫ് -53,545
എൻ.ഡി.എ -50,709
എൽ.ഡി.എഫ് -29,414