തിരുവനന്തപുരം: വൈദ്യുതി ബോർഡിന്റെ പവർഗ്രിഡ് പദ്ധതിയെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച അഴിമതി ആരോപണങ്ങൾക്ക് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്. പിള്ള മറുപടി നൽകിയത് അവകാശ ലംഘനമാണെന്ന് കാണിച്ച് വി.ഡി. സതീശൻ എം.എൽ.എ അവകാശ ലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകി.
നിയമസഭാ നടപടിക്രമവും കാര്യനിർവഹണം സംബന്ധിച്ച 154 -ാം ചട്ടപ്രകാരമാണ് നോട്ടീസ്. സാധാരണ ഗതിയിൽ സർക്കാരിനെ സംബന്ധിച്ചോ വകുപ്പിനെ സംബന്ധിച്ചോ പ്രതിപക്ഷ നേതാവ് നടത്തുന്ന പരാമർശങ്ങൾക്കും അഴിമതി ആരോപണങ്ങൾക്കും ഉദ്യോഗസ്ഥതലത്തിൽ മറുപടി പറയാറില്ല.
മുഖ്യമന്ത്രിയോ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയോ ആണ് അത്തരം ആരോപണങ്ങൾക്ക് മറുപടി നൽകാറുള്ളത്. കാബിനറ്റ് റാങ്കുള്ള പ്രതിപക്ഷനേതാവ് വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിൽ നടത്തിയ പത്രസമ്മേളനത്തിന് ഉദ്യോഗസ്ഥതലത്തിൽ നല്കിയ മറുപടി അവകാശലംഘനമാണെന്ന് നോട്ടീസിൽ പറയുന്നു
ബ്രൂവറി, ഡിസ്റ്റിലറി അനുവദിക്കുന്നതിലെ ക്രമക്കേട് സംബന്ധിച്ച് പ്രതിപക്ഷനേതാവിന്റെ പത്രസമ്മേളനത്തിന് വകുപ്പ് സെക്രട്ടറി പത്രക്കുറിപ്പ് നൽകിയതിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയപ്പോൾ വകുപ്പ് സെക്രട്ടറിയുടെ വിശദീകരണം ആരായുകയും അവർ വിശദീകരണം നൽകുകയും ചെയ്തകാര്യം നോട്ടീസിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സഭയ്ക്കും പ്രതിപക്ഷനേതാവിനുമുള്ള പ്രത്യേക അവകാശങ്ങളുടെ ലംഘനമാണ് ഇക്കാര്യത്തിലുണ്ടായിട്ടുള്ളതെന്നും അതുകൊണ്ട് കെ.എസ്.ഇ.ബി. ചെയർമാൻ എൻ.എസ്. പിള്ളയ്‌ക്കെതിരെ അവകാശ ലംഘനത്തിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.