ചിറയിൻകീഴ്: അമൃത സ്വാശ്രയ സംഘത്തിലെ 6000ത്തോളം വരുന്ന അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ചേർന്ന് നടത്തിയ ഓണാഘോഷങ്ങൾക്ക് വർണാഭമായ സമാപനം. പുളിമൂട് ജംഗ്ഷനിൽ നിന്നു പണ്ടകശാലയിലേക്ക് നടത്തിയ ഓണഘോഷയാത്രയിൽ ആയിരക്കണക്കിന് സ്ത്രീകൾ അണിനിരന്നു. തൃശൂരിൽ നിന്നു വന്ന 50 ഓളം കലാകാരന്മാരുടെ പുലികളി, തിരുവാതിരക്കളി, ശിങ്കാരിമേളം, കേരളീയ തനത് കലകളും വാദ്യമേളങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. അടൂർ പ്രകാശ് എം.പി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്‌തു. അമ്മയുടെ വലിയ കാഴ്ചപ്പാടിന്റെ ഭാഗമായാണ് കേരളത്തിൽ സ്വാശ്രയ സംഘത്തിന് രൂപം കൊടുത്തതെന്ന് എം.പി പറഞ്ഞു. സ്വാശ്രയ സംഘങ്ങൾ ചിട്ടയായി നടത്താൻ കഴിവുള്ളവരെ കണ്ടുപിടിച്ചാണ് ഏല്പിക്കുന്നതെന്നും ചിറയിൻകീഴ് സ്വാശ്രയ സംഘം വിഷ്‌ണുഭക്തനെ ഏല്പിച്ചത് ഇവിടുത്തെ അംഗങ്ങൾക്ക് വലിയ അനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാശ്രയ സംഘം പ്രസിഡന്റ് സി. വിഷ്‌ണുഭക്തൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ, ബി.ജെ.പി ദക്ഷിണ മേഖല ഉപാദ്ധ്യക്ഷൻ തോട്ടയ്ക്കാട് ശശി, ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ, സി.പി ഐ സംസ്ഥാന കമ്മിറ്റി അംഗം മനോജ് ബി. ഇടമന എന്നിവർ സംസാരിച്ചു. ചിറയിൻകീഴ് പുളിമൂട് ജംഗ്ഷനിൽ നിന്നാരംഭിച്ച ഘോഷയാത്ര പണ്ടകശാല പുളിമൂട്ടിൽ കടവിൽ സമാപിച്ചു. തുടർന്ന് പുളിമൂട്ട് കടവിൽ പുലിക്കളി, തിരുവാതിരക്കളി എന്നിവ അരങ്ങേറി. അമൃത സ്വാശ്രയ സംഘത്തിലെ പ്രവർത്തകരും കുടുംബാംഗങ്ങളുമാണ് കലാരൂപങ്ങൾ സ്‌പോൺസർ ചെയ്യുന്നത്.