photo

നെടുമങ്ങാട്: ജോവർ കൃഷിയിൽ മികവ് തെളിയിച്ച് കരകുളം ആറാംകല്ല് സമഭാവന റസിഡന്റ്‌സ് അസോസിയേഷൻ. ആറാംകല്ല് തോടിനു സമീപത്തെ ഒരേക്കർ വാഴത്തോട്ടത്തിലാണ് ജോവർ കൃഷി ജോറായി മുന്നേറുന്നത്. നന്ദിയോട് സൺഡേ മാർക്കറ്റ് ടീം നല്കിയ ഒരു പിടി മില്ലറ്റ് വിത്തു ഉപയോഗിച്ചാണ് മാതൃകാ കൃഷി വിജയിപ്പിച്ചത്. സമഭാവന ഭാരവാഹിയായ ഉണ്ണി പ്രത്യേകം വാരം പിടിച്ചാണ് ഇടവിളയായി ജോവർ അഥവാ ഇറുങ്ങ് എന്ന ചെറു ധാന്യം കൃഷി ചെയ്തിരിക്കുന്നത്. സമഭാവന പ്രസിഡന്റ് സന്തോഷ്, അഗ്രി ഫ്രണ്ട്സ് സെക്രട്ടറി എ.ആർ. ബൈജു, വിത്ത് സമ്മാനിച്ച ഗ്രാമാമൃതം ടീം കോ-ഓർഡിനേറ്റർ ബി.എസ്. ശ്രീജിത്ത് എന്നിവർ കൃഷിയിടം സന്ദർശിച്ചു. ജോവർ വിളവെടുത്ത് മാവാക്കി കരകുളത്തെ സൺഡേ മാർക്കറ്റിൽ വില്ക്കുന്നതോടൊപ്പം റസിഡന്റ്‌സ് അസോസിയേഷൻ പരിധിയിലെ കുടുംബങ്ങളിൽ കൃഷി വ്യാപിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.