വിതുര:ബാറിലുണ്ടായ തർക്കത്തെയും അടിപിടിയെയും തുടർന്ന് ഉറ്റ ബന്ധുവിന്റെ വെട്ടേറ്റ് മരിച്ച തൊളിക്കോട് തേവൻപാറ വിളയിൽ വീട്ടിൽ സൈനുലാബ്ദ്ദീന്റെ മകൻ എസ്.ഷാജി (45)യുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് തൊളിക്കോട് തേവൻപാറ ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കി. സംഭവവുമായി ബന്ധപ്പെട്ട് വിതുര പൊലീസ് അറസ്റ്റ് ചെയ്ത ഷാജിയുടെ പിതാവിന്റെ സഹോദരിയുടെ മകൻ തൊളിക്കോട് തുരുത്തി അസീം മൻസിലിൽ എ.സജീദിനെ(36) കോടതി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സജീദ് ഷാജിയുടെ വീട്ടിൽ കയറി വെട്ടുകത്തി കൊണ്ട് മുഖത്ത് ആഴത്തിൽ വെട്ടി പരിക്കേൽപ്പിച്ചത്. ഉടൻ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച ഉച്ചയ്ക്ക് മരിച്ചു. അനവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാജി അടുത്തിടെയാണ് ജയിലിൽ നിന്നു ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഷാജിയുടെ പേരിൽ വിതുര, നെടുമങ്ങാട്, പാലോട്, ആര്യനാട് സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസുകളുണ്ടെന്ന് വിതുര സി.ഐ എസ്.ശ്രീജിത്തും എസ്.ഐ വി.നിജാമും അറിയിച്ചു.