ktda

കാട്ടാക്കട: അവധിദിനം വിശ്രമത്തിനോ വിനോദത്തിനോ ചെലവഴിക്കാതെ ഇവിടെ ഒരു കൂട്ടം ജീവനക്കാർ സ്വന്തം ഓഫീസും പരിസരവും ശുചീകരിച്ചു. കാട്ടാക്കട ജില്ലാ ട്രഷറിയിൽ ഓഫീസർ മുതൽ ഓഫീസ് അസിസ്റ്റന്റ് വരെ ഉള്ള ജീവനക്കാർ ഒരു മാസത്തോളമായി പൊതു അവധി ദിനത്തിൽ രാവിലെ പത്തു മുതൽ അഞ്ചു വരെയുള്ള സമയം ശുചീകരണ പ്രവർത്തനത്തിനായി മാറ്റി വച്ചത്. പൊടിപിടിച്ച ഫയലുകൾ, റെക്കോർഡ് ഉൾപ്പടെ വൃത്തിയാക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ലൈറ്റും ഫാനും എന്ന് വേണ്ട കമ്പ്യൂട്ടർ ഉൾപ്പടെയുള്ള ഓഫീസ് ഉപകരണങ്ങൾ എല്ലാം വൃത്തിയാക്കി. ഓഫിസിൽ ഉണ്ടായിരുന്ന ഉപയോഗ ശൂന്യമായ വസ്തുക്കളെല്ലാം നീക്കി. ഇടപാടുകാർക്കും പൊതു ജനങ്ങൾക്കും ഉൾപ്പടെ വിശ്രമിക്കാനുള്ള ഇടങ്ങൾ എല്ലാം കഴുകി വൃത്തിയാക്കി. പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം എന്നതിന് ഒപ്പം വൃത്തിയുള്ള ഓഫീസ് അന്തരീക്ഷം ഒരുക്കുക എന്ന അടിസ്ഥാനത്തിലാണ് ജീവനക്കാർ ഒറ്റക്കെട്ടായി ട്രെഷറിയിലെ സ്റ്റാഫ് റിക്രിയേഷൻ ക്ലബിന്റെ നേതൃത്വത്തിൽ പ്രവർത്തനം നടത്തിയത്. അസിസ്റ്റന്റ് ട്രഷറി ഓഫീസർ ജി. ബാബു രാജ്, സ്റ്റാഫ് സെക്രട്ടറി എസ്. അനിൽകുമാർ, ട്രഷറർ ആർ.എസ്. നിഷ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം ജീവനക്കാരാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.