02

കുളത്തൂർ: വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് അർദ്ധരാത്രിയിൽ സാമൂഹ്യ വിരുദ്ധർ പെട്രോൾ ഒഴിച്ച് കത്തിച്ചതായി പരാതി. കുളത്തൂർ കോലത്തുകര ക്ഷേത്രത്തിന് സമീപം കിവിട്ടുവിളാകത്ത് തൊടിയിൽ വീട്ടിൽ ലിജോ ആനന്ദിന്റെ വീട്ടിലെ ഹീറോ ഹോണ്ട ബൈക്കാണ് കത്തിച്ചത്. ബൈക്ക് പൂർണമായും കത്തിനശിച്ചു. ശനിയാഴ്ച പുലർച്ചെ 1.45 നായിരുന്നു. സംഭവം. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് നോക്കുമ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് സ്ഥലവാസികൾ എത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ബൈക്ക് പൂർണമായി കത്തിയമർന്നിരുന്നു. തന്റെ ബൈക്ക് വർക്ക് ഷോപ്പിലായതിനാൽ ഏതാനും ദിവസങ്ങളായി കോലത്തുകര ക്ഷേത്രത്തിലെ പൂജാരിയുടെ ബൈക്കാണ് ലിജോ ഉപയോഗിച്ചിരുന്നത്. ഈ ബൈക്കാണ് കത്തിച്ചത്. സി.പി.എം. പ്രവർത്തകനായ ലിജോ ആനന്ദിന്റെയും സമീപത്തെ സെക്രട്ടേറിയറ്റ് ജീവനക്കാരനായ സതീഷിന്റെയും വീടുകൾക്ക് നേരെ രണ്ടാഴ്ച മുമ്പ് രാത്രിയിൽ സാമൂഹ്യ വിരുദ്ധർ അക്രമം നടത്തിയിരുന്നു. ബിയർ കുപ്പികൾ കൊണ്ടുള്ള ആക്രമണത്തിൽ വീടുകളുടെ ജനൽചില്ലുകൾ തകർന്നിരുന്നു. ഇത് സംബന്ധിച്ച് തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പുതിയ സംഭവം. ഈ ഭാഗത്തെ തെറ്റിയാറിലെ പാലത്തിൽ സ്ഥിരമായി രാത്രികാലങ്ങളിൽ മദ്യപസംഘം അഴിഞ്ഞാടുന്നതായി സ്ഥലവാസികൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യമായിരിക്കാം ബൈക്ക് കത്തിക്കലിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടൻ പിടികൂടുമെന്നും തുമ്പ എസ.ഐ പറഞ്ഞു.