ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡി-അഡിക്ഷൻ സെന്ററിൽ നിന്ന് ചികിത്സയ്ക്കായി കൊടുത്ത മരുന്ന് ലഹരിക്കായി ഇഞ്ചക്ട് ചെയ്യാൻ ശ്രമിച്ച മൂന്ന് യുവാക്കളെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി.
ഒ.എസ്.ടി ഡി-അഡിക്ഷൻ സെന്റർ ചികിത്സയിലുള്ള വർക്കല സ്വദേശികളായ താഹിർ (28), സുധീർ (27), നിതീഷ് (29) എന്നിവരാണ് പിടിയിലായത്.
മെഡിക്കൽ കോളേജ് എസ്.ഐ ആർ.എസ്. ശ്രീകാന്ത്, എ.എസ്.ഐ പുഷ്പരാജ്, സി.പി.ഒ അജേഷ് എന്നിവർ പട്രോളിംഗ് നടത്തുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ സംശയാസ്പദ സാഹചര്യത്തിൽ മൂവർ സംഘത്തെ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ നിന്ന് നൽകിയ മരുന്ന് ഇഞ്ചക്ഷൻ ചെയ്യാൻ ശ്രമിക്കുകയാണെന്ന് മനസിലായത്.
ഇവർ മൂന്നു പേരും നേരത്തെ ലഹരിവസ്തുക്കൾ ഉപയോഗിച്ചതിന് പിടിയിലാവുകയും തുടർന്ന് ഡി-അഡിക്ഷൻ സെന്ററിൽ ചികിത്സ നടത്തി വരികയുമായിരുന്നു. ചികിത്സയുടെ ഭാഗമായി നാവിനടിയിൽ വച്ച് അലിയിക്കുന്നതിന് നൽകിയ മരുന്നായിരുന്നു ഇവർ ലഹരിക്കായി ഇഞ്ചക്ഷൻ മുഖേന ഉപയോഗിച്ചത്. ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു.