world-wresling
world wresling

അവസാന ദിവസം ദീപക് പൂനിയയ്ക്ക് വെള്ളി,

രാഹുൽ അവാരെയ്ക്ക് വെങ്കലം

നുറുൽ സുൽത്താൻ (കസാഖിസ്ഥാൻ) :അവസാനദിവസം പരിക്കുമൂലം ഫൈനലിൽനിന്ന് പിൻമാറിയ ദീപക് പുനിയയ്ക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നെങ്കിലും വെങ്കലത്തിളക്കവുമായി രാഹുൽ അവാരെ ഉദിച്ചുയർന്നതോടെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ഇന്ത്യ.

ഒരു വെള്ളിയും നാല് വെങ്കലങ്ങളും ഉൾപ്പെടെ അഞ്ച് മെഡലുകളാണ് ഇത്തവണത്തെ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യ സ്വന്തമാക്കിയത്. ബജ്‌‌റംഗ് പൂനിയ, രവികുമാർ, വനിതാതാരം വിനേഷ് ഫോഗാട്ട് എന്നിവരാണ് വെങ്കലം നേടിയ മറ്റ് താരങ്ങൾ. മെഡൽ നേടിയ അഞ്ച് താരങ്ങളും 2020 ടോക്കിയോ ഒളിമ്പിക്സിനുള്ള യോഗ്യതയും നേടി.

സ്വിറ്റ്സർലൻഡിന്റെ സ്റ്റെഫാൻ റെയ്ച്ച് മുത്തിനെതിരായ സെമിഫൈനലിനിടെ ഏറ്റ പരിക്കിൽനിന്ന് മോചിതനാകാത്തതിനാലാണ് ദീപകിന് ഇന്നലെ ഫൈനൽ നഷ്ടമായത്. ഇറാനിയൻസൂപ്പർ താരം ഹസൻ യസ്റ്റാനിയായിരന്നു ഫൈനലിൽ ദീപക്കിന്റെ എതിരാളി. ദീപക് പിൻമാറിയതോടെ യസ്‌ദാനി സ്വർണത്തിന് അർഹനായി.

റെപ്പാഷേ റൗണ്ടിൽ 2017 ലെ പാൻ അമേരിക്കൻ ചാമ്പ്യൻ ടെയ്‌ലർ ലീ ഗ്രാഫിനെ 11-4ന് പിടിച്ചിട്ടാണ് രാഹുൽ അവാരെ വെങ്കലത്തിൽ മുത്തമിട്ടത്. മഹാരാഷ്ട്രക്കാരനായ അവാരെയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. 2018 കോമൺ വെൽത്ത് ഗെയിംസിൽ അവാരെ സ്വർണം നേടിയിരുന്നു.2009, 2011 ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ വെങ്കലങ്ങളും നേടിയിരുന്നു. കഴിഞ്ഞദിവസം സെമിഫൈനലിൽ ബെക്കലോം റ്റാസെയോട് തോറ്റതിനെ തുടർന്നാണ് അവാരെ റെപ്പാഷേ റൗണ്ടിനിറങ്ങിയത്.

2013

ലായിരുന്നു ഇതിനുമുമ്പുള്ള ലോക ഗുസ്തി ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ മികച്ച മെഡൽ വേട്ട. അന്ന് മൂന്ന് മെഡലുകളാണ് നേടിയരുന്നത്. അമിത് ദഹിയ (വെള്ളി), ബജ്റംഗ് പൂനിയ, സന്ദീപ് തുൾസി യാദവ് (വെങ്കലം) എന്നിവരായിരുന്നു അന്നത്തെ മെഡൽ ജേതാക്കൾ. ഇതിൽ ബജ്‌റംഗ് ഇത്തവണയും വെങ്കലം നേടി.

സുശീൽ കുമാർ

ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യൻ താരം സുശീൽകുമാറാണ്. 2010 ൽ മോസ്കോയിലായിരുന്നു സുശീലിന്റെ നേട്ടം.

അഞ്ച് ഇന്ത്യക്കാരേ ഇതുവരെ ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തിയിട്ടുള്ളൂ. ബിശ്വംഭർ സിംഗ് (1967), സുശീൽ കുമാർ (2010), അമിത് ദഹിയ (2013), ബജ്റംഗ് പൂനിയ (2018) എന്നിവരാണ് ദീപകിന് മുമ്പ് ഇൗ നേട്ടം കരസ്ഥമാക്കിയത്.