മൂന്നാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് തോൽവി, പരമ്പര 1-1ന് സമനിലയിൽ
ബംഗളുരു : ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ഒമ്പത് വിക്കറ്റിന് തോറ്റ ഇന്ത്യ പരമ്പരയിൽ 1-1ന് സമനില വഴങ്ങി. ആദ്യ മത്സരം മഴയെടുത്തപ്പോൾ രണ്ടാം മത്സരത്തിൽ ഇന്ത്യ ജയിച്ചിരുന്നു.
ടോസ് നേടി ബാറ്റിംഗിനിറങ്ങി നിശ്ചിത 20 ഒാവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് മാത്രം നേടിയ ഇന്ത്യയെ ഒറ്റ വിക്കറ്റ് നഷ്ടത്തിൽ 16.5 ഒാവറിൽ ദക്ഷിണാഫ്രിക്ക മറികടന്നു. 79 റൺസുമായി പുറത്താകാതെ നിന്ന നായകൻ ക്വിന്റൺ ഡി കോക്കാണ് ദക്ഷിണാഫ്രിക്കൻ വിജയശിൽപ്പി. ബൗമ പുറത്താകാതെ 27റൺസ് നേടി. 28 റൺസെടുത്ത റീസ ഹെൻട്രിക്സിനെയാണ് സന്ദർശകർക്ക് നഷ്ടമായത്.
36 റൺസെടുത്ത ശിഖർ ധവാൻ, ഋഷഭ് പന്ത് (19), രവീന്ദ്ര ജഡേജ (19), ഹാർദിക് പാണ്ഡ്യ (14) എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. രോഹിത് ശർമ്മ (9), വിരാട് കൊഹ്ലി (9), ശ്രേയസ് അയ്യർ (5), ക്രുനാൽ പാണ്ഡ്യ (4), വാഷിംഗ്ടൺ സുന്ദർ (4) എന്നിവർ നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാദ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഫോർച്യൂൺ, ബ്യൂറൻ ഹെൻഡ്രിക്സ് എന്നിവർക്ക് രണ്ട് വിക്കറ്റ് വീതം ലഭിച്ചു. ഷംസിക്ക് ഒരു വിക്കറ്റും.
ടോസ് നേടിയിറങ്ങിയ ഇന്ത്യയ്ക്ക് പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല കാര്യങ്ങൾ. മൂന്നാം ഒാവറിൽ രോഹിത് ശർമ്മയെ (9) നഷ്ടപ്പെട്ടതുമുതൽ ഒരുവശത്ത് വിക്കറ്റുകൾ പൊഴിഞ്ഞത് മികച്ച സ്കോറിലേക്ക് കടക്കാൻ തടസമായി. ശിഖർ ധവാൻ എട്ടാം ഒാവർ വരെ പിടിച്ചുനിന്നെങ്കിലും ടീമിന് കരുത്താകുന്ന ഇന്നിംഗ്സ് കാഴ്ചവയ്ക്കാനുമായില്ല.
മൂന്നാം ഒാവറിന്റെ രണ്ടാംപന്തിൽ രോഹിത് ശർമ്മയെ റീസ ഹെൻഡ്രിക്സിന്റെ കൈയിലെത്തിച്ച് ബ്യൂറാൻ ഹെൻറിക്സാണ് ആക്രമണം തുടങ്ങിയത്. സ്കോർ ബോർഡിൽ 22 റൺസായിരുന്നു അപ്പോഴുണ്ടായിരുന്നത്. തുടർന്നിറങ്ങിയ നായകൻ വിരാട് കൊഹ്ലിയെകൂട്ടി ധവാൻ ടീമിനെ 50 കടത്തി. 25 പന്തുകളിൽ നാല് ഫോറും രണ്ട് സിക്സും പറത്തിയ ശിഖർ ധവാനെ എട്ടാം ഒാവറിൽ ടീം സ്കോർ 63 ൽ നിൽക്കവെ ടാബാരേസ് ഷംസിയാണ് മടക്കി അയച്ചത്. ഉയർത്തിയടിച്ച ധവാനെ ടെംപ ബൗമയാണ് പിടികൂടിയത്.
തൊട്ടടുത്ത ഒാവറിൽ കൊഹ്ലിയും കൂടാരം കയറി. 15 പന്തുകളിൽ ഒൻപത് റൺസ് നേടിയ നായകനെ റബാദ പെഹ്ലുക്കവായോയുടെ കൈയിലെത്തിക്കുകയായിരുന്നു. നാലാമനായിറങ്ങിയ ഋഷഭ് പന്ത് അല്പനേരം ക്ഷമയോടെ പിടിച്ചുനിന്നെങ്കിലും വൈകാതെ പുറത്തായി. അടുത്തടുത്ത പന്തുകളിൽ ഋഷഭിനെയും ശ്രേയസ് അയ്യരെയും പുറത്താക്കിയ ഫോർച്യൂണാണ് ഇന്ത്യയ്ക്ക് കനത്ത ആഘാതമേകിയത്. 20 പന്തുകൾ നേരിട്ട ഋഷഭ് ഒാരോ ഫോറും സിക്സുമടിച്ചു. ശ്രേയസിനെ കീപ്പർ ഡികോക്ക് സ്റ്റംപ് ചെയ്ത് വിടുകയായിരുന്നു. ഇതോടെ ഇന്ത്യ 92/5 എന്ന നിലയിലായി.
തുടർന്ന് സഹോദങ്ങളായ ക്രുനാൽ പാണ്ഡ്യയും ഹാർദിക് പാണ്ഡ്യയും ക്രീസിൽ ഒന്നിച്ചെങ്കിലും 100 റൺസിലെത്തുംമുമ്പ് ക്രുനാൽ പുറത്തായി. ബ്യൂറനായിരുന്നു വിക്കറ്റ്. തുടർന്നിറങ്ങിയ രവീന്ദ്ര ജഡേജ 17 പന്തുകളിൽ ഒാരോ ഫോറും സിക്സുമടിച്ച് പോരാട്ടവീര്യം കാട്ടിയെങ്കിലും അവസാന ഒാവറിന്റെ ആദ്യപന്തിൽ റബാദയ്ക്ക് റിട്ടേൺ ക്യാച്ച് നൽകി മടങ്ങി. ഹാർദിക്കും വാഷിംഗ്ടൺ സുന്ദറും ഇൗ ഒാവറിൽ മടങ്ങി.
നവംബർ വരെ
ധോണി കളിക്കാനില്ല
ന്യൂഡൽഹി : നവംബർ മാസംവരെ ഇന്ത്യൻ ടീം സെലക്ഷനുവേണ്ടി തന്നെ പരിഗണിക്കേണ്ടതില്ലെന്ന് മുൻ നായകൻ മഹേന്ദ്രസിംഗ് ധോണി ബി.സി.സി.ഐ അറിയിച്ചതായി റിപ്പോർട്ടുകൾ. ലോകകപ്പിന് ശേഷം സൈനിക സേവനത്തിനായി ധോണി രണ്ടുമാസം വിശ്രമം ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലും ടീമിലെത്തിയില്ല . പുതിയ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ വിജയ് ഹസാരെ ട്രോഫിയിലും ബംഗ്ളാദേശിനെതിരായ ട്വന്റി 20 പരമ്പരയിലും കളിക്കില്ല . ഡിസംബറിൽ വിൻഡീസിനെതിരെയാകും കളിക്കാൻ സാധ്യത. അടുത്തവർഷം ട്വന്റി 20 ലോകകപ്പിനുശേഷം ധോണി വിരമിക്കുമെന്നാണ് അഭ്യൂഹങ്ങൾ.