മിലാൻ :അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാറൗണ്ട് മത്സരങ്ങളിൽ ഇറാനിലെ സ്റ്റേഡിയങ്ങളിൽ വനിതകൾക്ക് പ്രവേശനം നൽകുന്ന കാര്യത്തിൽ ഇറാൻ ഫുട്ബാൾ ഫെഡറേഷനിൽ നിന്ന് ഉറപ്പ് വാങ്ങി ഫിഫ.
ക്ളബ് ഫുട്ബാൾ മത്സരം കാണുന്നതിനുള്ള അനുമതിക്കായി ഇറാനിയൻ വനിത സ്വയം തീ കൊളുത്തി മരിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് ഫിഫ നേരിട്ട് ഇടപെട്ട് ഇക്കാര്യം ഉറപ്പാക്കിയത്. യാഥാസ്ഥിതിക മതനിയമങ്ങൾ പിന്തുടരുന്ന ഇറാനിൽ സ്റ്റേഡിയങ്ങളിൽ പ്രവേശിക്കുന്നതിന് സ്ത്രീകൾക്ക് അനുമതിയില്ല.
ഒക്ടോബർ 10ന് കമ്പോഡിയയ്ക്ക് എതിരെയാണ് ഇറാന്റെ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരം. യോഗ്യതാ റൗണ്ടിലെ ഇറാന്റെ ആദ്യ ഹോം മാച്ചാണിത്. ഇൗ മത്സരംകാണാൻ സ്റ്റേഡിയത്തിൽ സ്ത്രീകൾ ഇല്ലെങ്കിൽ ഇറാനിയൻ ഫുട്ബാൾ അസോസിയേഷനെ വിലക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഫിഫ താക്കീത് നൽകിയപ്പോഴാണ് വനിതകളെ പ്രവേശിപ്പിക്കാമെന്ന് ഉറപ്പ് നൽകിയത്. ഇക്കാര്യം ഫിഫ പ്രസിഡന്റ് ജിയോവന്നി ഇൻഫാന്റിനോ സ്ഥിരീകരിക്കുകയും ചെയ്തു.
നീലപ്പെൺകുട്ടിയുടെ ജീവ ത്യാഗം
ഇഷ്ട ക്ളബായ ഇസ്തിഘാലിന്റെ മത്സരം കാണാൻ ആൺവേഷം ധരിച്ച് സ്റ്റേഡിയത്തിൽ കയറിയ സഹർ ഖോദായരിയാണ് നീലപ്പെൺകുട്ടിയെന്ന് വിശേഷിപ്പിക്കപ്പെട്ടത്. ക്ളബിന്റെ ജഴ്സിയുടെ നിറം നീലയായതിനാലാണ് ഇൗ പേര് വന്നത്. വേഷം മാറി സ്റ്റേഡിയത്തിൽ കയറിയതിന് ജയിൽ ശിക്ഷ കിട്ടുമെന്നതിനാലാണ് കോടതിക്ക് പുറത്തുവച്ച് സഹർ സ്വയം തീ കൊളുത്തിയത്. ദിവസങ്ങളോളം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ശേഷം മരണത്തിന് കീഴടങ്ങി. ഇതോടെ ലോകമെമ്പാടും പ്രതിഷേധമുയർന്നു.
40 കൊല്ലമായി ഇറാനിൽ ഇൗ വിവേചനം തുടരുന്നു. ഇനിയും ഇതവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത നടപടിയെടുക്കും. ഇറാന്റെ അടുത്ത അന്താരാഷ്ട്ര മത്സരം കാണാൻ സ്ത്രീകൾ ഗാലറിയിൽ ഉണ്ടാകുമെന്ന് അവർ ഉറപ്പ് നൽകിയിട്ടുണ്ട്.
ജിയോവന്നി ഇൻഫാന്റിനോ
ഫിഫ പ്രസിഡന്റ്