നെയ്യാറ്റിൻകര: ഭാര്യയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് നടുറോഡിൽ ക്രൂര മർദ്ദനമേറ്റ യുവാവിനെ പ്രതിയാക്കി കാഞ്ഞിരംകുളം പൊലീസ് കള്ളക്കേസെടുത്തതായി പരാതി. ലീഗൽ മെട്രോളജി വകുപ്പിലെ ജീവനക്കാരനും മുൻ പത്ര ഏജന്റുമായിരുന്ന കാഞ്ഞിരംകുളം അപ്പട്ടുവിള തേജസ് ഭവനിൽ രാജേഷ്‌കുമാറാണ് (38) തിരുവനന്തപുരം റൂറൽ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയത്.
കഴിഞ്ഞ 11നാണ് കേസിനാസ്പദമായ സംഭവം. രാജേഷ് കുമാറിന്റെ ഭാര്യയെ അസഭ്യം പറഞ്ഞത് ചോദിക്കാൻ ചെന്ന ഇയാളെ കാഞ്ഞിരംകുളം ജംഗ്ഷനിൽ വച്ച് അയൽവാസികളായ ചിലർ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു.
മർദ്ദനമേറ്റ രാജേഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. എട്ടുപേർക്കെതിരെ കാഞ്ഞിരംകുളം പൊലീസ് കേസെടുത്തെങ്കിലും ആരെയും പിടികൂടിയിട്ടില്ല. ഇതിനിടെ, വൈരാഗ്യം തീർക്കാനായി പ്രതികളുടെ ബന്ധുക്കളായ ചില സ്ത്രീകൾ രാജേഷിനെതിരെ നൽകിയ പരാതിയിന്മേൽ കാഞ്ഞിരംകുളം പൊലീസ് ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിരിക്കുകയാണ്. കാഞ്ഞിരംകുളം ജംഗ്ഷനിലെ സി.സി.ടി.വി കാമറ പരിശോധിച്ചാൽ അക്രമികളെ അറിയാമായിരുന്നിട്ടും യഥാർത്ഥ പ്രതികളെ പിടികൂടാതെ രാജേഷിനെതിരെ പൊലീസ് കേസെടുത്തത് സത്യസന്ധമായി അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.