k-surendran

കാസർകോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ സി.പി.എം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ആർ ജയാനന്ദ ഇടതുമുന്നണി സ്ഥാനാർത്ഥിയാകാൻ സാദ്ധ്യത. ജയാനന്ദന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിൽ പ്രാഥമിക ചർച്ച നടത്തി. ഇന്ന് കാസർകോട് വിദ്യാനഗറിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ ചേരുന്ന സി.പി.എം ജില്ലാ കമ്മിറ്റി യോഗം ജയാനന്ദന്റെ സ്ഥാനാർത്ഥിത്വം അംഗീകരിച്ച് സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്യുമെന്നാണ് അറിയുന്നത്. ചൊവ്വാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് അഞ്ചു മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ അന്തിമമായി തീരുമാനിക്കും.

സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം വരുന്നതിന് പിറകെ തന്നെ ചൊവ്വാഴ്ച വൈകിട്ട് ഇടതുമുന്നണിയുടെ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ആ യോഗത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ അഡ്വ. സി.എച്ച് കുഞ്ഞമ്പു മത്സരിക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. മറ്റൊരാൾ സി.പി.എം ലിസ്റ്റിൽ ഉണ്ടായിരുന്നത് ജില്ലാ കമ്മിറ്റി അംഗം ശങ്കർ റൈ ആയിരുന്നു. സി.പി.എം ലോക്കൽ, ഏരിയ സെക്രട്ടറി, ഡി.വൈ.എഫ് ഐ ബ്ലോക്ക്, ജില്ലാ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള കെ.ആർ ജയാനന്ദ നിലവിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത അംഗവും പൊതുസമ്മതനുമാണ്. കിഴക്കൻ മേഖലയിലെ പ്രവർത്തനമികവും ജനകീയ ബന്ധവും ജയാനന്ദന് സഹായകമാകും.

യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർത്ഥികൾ രണ്ടു ദിവസത്തിനകം ആകുമെന്ന് മുന്നണി നേതാക്കൾ പറയുന്നുണ്ടെങ്കിലും കൂടുതൽ പേരുകൾ ലിസ്റ്റിലുള്ളത് കാരണം കൂടുതൽ ചർച്ചകൾ വേണ്ടിവരുമെന്നാണ് കരുതുന്നത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത്, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന സംസ്ഥാന സമിതി അംഗം രവീശതന്ത്രി കുണ്ടാർ, സംസ്ഥാന ഭാരവാഹി പി.സുരേഷ് കുമാർ ഷെട്ടി എന്നിവരാണ് ബി.ജെ.പി ലിസ്റ്റിലുള്ളത്.

2016 ൽ യു.ഡി.എഫിനെ വിറപ്പിച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ഇത്തവണ മഞ്ചേശ്വരത്ത് മത്സര രംഗത്തുണ്ടാകാൻ സാദ്ധ്യത കുറവാണ്. ഇനി മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് പാർട്ടി ദേശീയ നേതൃത്വത്തെ അദ്ദേഹം അറിയിച്ചിരുന്നു. അതേസമയം, ബി.ജെ.പി നേതൃത്വം മത്സരിക്കാൻ പറഞ്ഞാൽ ഒരിക്കൽ കൂടി കെ.സുരേന്ദ്രൻ സ്ഥാനാർത്ഥിയായേക്കും. അദ്ദേഹം വീണ്ടും മത്സരിക്കണമെന്ന ആവശ്യം പ്രവർത്തകർക്കിടയിലുണ്ട്.

യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയിൽ മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീനാണ് മുൻതൂക്കമുള്ളത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.കെ.എം അഷ്‌റഫ്, മുസ്‌ലിംലീഗ് സംസ്ഥാന ട്രഷററും മുൻ മന്ത്രിയുമായ സി.ടി. അഹമ്മദലി, സി.മുനീർ ഹാജി എന്നിവരെയും ലീഗ് നേതൃത്വം പരിഗണിക്കുന്നുണ്ട്. പി.ബി.അബ്ദുൾ റസാഖ് മത്സരിച്ച കഴിഞ്ഞ രണ്ടു തവണയും അവസാന നിമിഷമാണ് എം.സി ഖമറുദ്ദീൻ ലിസ്റ്റിൽ നിന്ന് പുറത്തായത്. നിർണായകമായ തിരഞ്ഞെടുപ്പായതിനാൽ മുതിർന്ന നേതാക്കളെയാകും ലീഗ് പരിഗണിക്കുക.