ഇലക്ട്രോണിക് ഉപകരണങ്ങളിൽ വയർലെസ് സംവിധാനം വഴി വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന ബ്ലൂ ടൂത്ത് നമുക്കെല്ലാം സുപരിചിതമാണ്. ബ്ലൂ ടൂത്ത് എന്ന പദം ഉത്ഭവിച്ചിരിക്കുന്നത് എവിടെ നിന്നാണെന്ന് അറിയാമോ?
10 ാം നൂറ്റാണ്ടിൽ ഡെൻമാർക്കും നോർവേയും ഭരിച്ചിരുന്ന ഹെറാൾഡ് ബ്ലൂ ടൂത്ത് എന്ന രാജാവിന്റെ സ്‌മരണാർത്ഥമാണ് ബ്ലൂ ടൂത്ത് എന്ന പേര് ഉത്ഭവിച്ചത്. ഡെൻമാർക്കിലേക്ക് ആദ്യമായി ക്രിസ്റ്റ്യൻ മതം കൊണ്ടു വന്നത് ഹെറാൾഡ് രാജാവാണെന്നാണ് കരുതുന്നത്.
1997ൽ ഇന്റൽ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന ജിം കർദാഷ് ആണ് ഇങ്ങനെയൊരു പേര് നിർദ്ദേശിച്ചത്. ഹെറാൾഡ് രാജാവിനെയും വൈക്കിംഗുകളെയും പറ്റിയുള്ള ഫ്രാൻസ് ജി. ബെംഗ്സണിന്റെ 'ദ ലോംഗ് ഷിപ്പ്സ് ' എന്ന ചരിത്ര ഫിക്ഷൻ നോവൽ വായിക്കുകയായിരുന്നു ജിം. അപ്പോഴാണ് ' ബ്ലൂ ടൂത്ത് ' എന്ന പേര് ജിമ്മിന്റെ മനസിലുദിച്ചത്. ബ്ലൂ ടൂത്തും ഹെറാൾഡ് രാജാവും തമ്മിൽ ഒരു ബന്ധമുണ്ട്. തമ്മിൽ പരസ്‌പരം കലഹിച്ച് കഴിഞ്ഞിരുന്ന ഡാനിഷ് ഗോത്രവർഗങ്ങളെ തന്റെ ഭരണകാലത്ത് ഒറ്റ സാമ്രാജ്യത്തിന് കീഴിൽ കൊണ്ടുവരാൻ ഹെറാൾഡിന് കഴിഞ്ഞു. അതുപോലെ ഇലക്ട്രോണിക് ഉപകരണങ്ങളെ ഒറ്റ കുടക്കീഴിൽ കൊണ്ടുവരാൻ ബ്ലൂ ടൂത്തിനും സാധിക്കുന്നു.
ഹെറാൾഡ് ബ്ലൂ ടൂത്തിലെ 'H ', 'B' എന്നീ അക്ഷരങ്ങളാണ് ബ്ലൂ ടൂത്തിന്റെ ലോഗോയിൽ കാണാൻ സാധിക്കുക. നോർഡിക് റൂൻസ് ലിപിയിലാണ് ഈ അക്ഷരങ്ങൾ ഉള്ളത്. ഇവ സംയോജിപ്പിച്ചാണ് ലോഗോ രൂപകല്‌പന ചെയ്‌തിരിക്കുന്നത്.