മുംബയ്: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്താമെന്ന പ്രതീക്ഷയിൽ ബി.ജെ.പി കരുക്കൾ നീക്കുമ്പോൾ നഷ്ടമായ പ്രതാപം തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി - ശിവസേന, കോൺഗ്രസ് - എൻ.സി.പി എന്നിവർ ഒറ്റയ്‌ക്കാണ് മത്സരിച്ചത്. 288 സീറ്റുകളിൽ 122 എണ്ണം ബി.ജെ.പി സ്വന്തമാക്കിയപ്പോൾ 63 സീറ്റുകൾ നേടിക്കൊണ്ട് ഉദ്ധവ് താക്കറെയുടെ ശിവസേന രണ്ടാമതെത്തി. കോൺഗ്രസ് 42 സീറ്റ് നേടിയപ്പോൾ എൻ.സി.പിയ്ക്ക് 41 എണ്ണം ലഭിച്ചു. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ എൻ.സി.പിയുടെ ശക്തി കേന്ദ്രങ്ങൾ ബി.ജെ.പി കൈപ്പിടിയിലൊതുക്കി. അവിടെ 70 സീറ്റിൽ 24 എണ്ണം ബി.ജെ.പിയ്ക്ക് സ്വന്തമാക്കാൻ കഴിഞ്ഞു. 19 എണ്ണം എൻ.സി.പിയ്ക്കും 10 എണ്ണം കോൺഗ്രസിനും കിട്ടി.
ഒറ്റയ്ക്കാണ് മത്സരിച്ചതെങ്കിലും ബി.ജെ.പിയ്ക്കും ശിവസേനയ്ക്കുമായിരുന്നു മുൻതൂക്കം. അതുകൊണ്ടുതന്നെ ഇത്തവണ ശിവസേനയുമായി സഖ്യത്തിൽ മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നുവരുന്നു. സീറ്ര് വിഭജനമാണ് മുന്നിലുള്ള പ്രശ്നം. എന്നാൽ, സംസ്ഥാനത്ത് തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. അതേസമയം, സംസ്ഥാന ഘടകത്തിൽ ഉണ്ടായ പൊട്ടിത്തെറികൾ കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു.
2014ൽ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയും സേനയും സഖ്യം ചേർന്ന് മന്ത്രിസഭ രൂപീകരിക്കുകയായിരുന്നു. എന്നാൽ, മുഖ്യമന്ത്രി പദം ബി.ജെ.പി നേതാവായ ദേവേന്ദ്ര ഫട്നാവിസിന് ലഭിച്ചതിൽ ശിവസേനയ്‌ക്ക് അതൃപ്തി ഉണ്ടായിരുന്നു. അക്കാലത്ത് രാജ്യത്തുടനീളം അലയടിച്ച മോദി പ്രഭാവം മഹാരാഷ്ട്ര നിയമസഭയിലും പ്രകടമായിരുന്നു. ഇപ്രാവശ്യവും മോദി ഇഫ്ക്ട് പ്രതിഫലിപ്പിക്കാൻ കഴിയുമെന്ന് ബി.ജെ.പി കരുതുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി - സേനാ സഖ്യം നേടിയ വമ്പൻ ജയം തന്നെയാണ് ഇതിന് ആക്കം കൂട്ടുന്നത്.
ഒരു കാലത്ത് മഹാരാഷ്ട്രയിൽ കോൺഗ്രസ് തട്ടകങ്ങളായിരുന്ന മണ്ഡലങ്ങളെല്ലാം ബി.ജെ.പിയുടെ അക്കൗണ്ടിലേക്ക് പോയതോടെ ആകെ തകർന്നടിഞ്ഞ നിലയിലായി കോൺഗ്രസ് - എൻ.സി.പി സഖ്യം. 48ൽ 41 സീറ്റും ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി തൂത്തുവാരിയപ്പോൾ വെറും 5 സീറ്റ് കൊണ്ട് കോൺഗ്രസ് - എൻ.സി.പി സഖ്യത്തിന് തൃപ്‌തിപ്പെടേണ്ടി വന്നു. ഇതിൽ ചന്ദ്രാപൂർ മണ്ഡലം മാത്രമാണ് കോൺഗ്രസ് നേടിയത്. കോൺഗ്രസിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മുംബയ് നോർത്ത്, മുംബയ് നോർത്ത് സെൻട്രൽ, മുംബയ് സൗത്ത് സെൻട്രൽ, മുംബയ് നോർത്ത് വെസ്‌റ്റ് തുടങ്ങിയ വി.ഐ.പി മണ്ഡലങ്ങളിൽ ബി.ജെ.പി - സേന സഖ്യത്തിന്റെ ശക്തമായ ആധിപത്യം പ്രകടമായിരുന്നു.
പുൽവാമ, കാശ്‌മീർ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ജനങ്ങളിലേക്ക് ബി.ജെ.പി കടന്നു ചെല്ലുമ്പോൾ കർഷക ആത്മഹത്യയും തൊഴിലില്ലായ്‌മയും സാമ്പത്തിക മാന്ദ്യവുമാണ് കോൺഗ്രസ് ആയുധമാക്കുന്നത്.
കൊങ്കൺ മേഖല ഉൾപ്പെടയുള്ള വോട്ടു ബാങ്കുകളിൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഒരുക്കങ്ങൾ സേന നേരത്തെ തുടങ്ങിയിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തിൽ ബി.ജെ.പിയ്ക്ക് വിവിധ പദ്ധതികളിലൂടെ ജനങ്ങൾക്കിടയിൽ മതിപ്പ് സമ്പാദിക്കാൻ കഴിഞ്ഞു. പ്രധാനമന്ത്രിയുടെ കിസാൻ സ്കീം വഴി കർഷകരെ സ്വാധീനിക്കാൻ കഴിഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും മറാത്ത വിഭാഗത്തിനും പ്രത്യേക സംവരണം നടപ്പാക്കിയതും തങ്ങൾക്ക് ഗുണകരമാകുമെന്ന് ഫട്നാവിസ് സർക്കാർ കണക്കുകൂട്ടുന്നു. അഭിപ്രായ സർവെ ഫലങ്ങൾ പുറത്തു വരുമ്പോൾ മഹാരാഷ്ട്രയിൽ ബി.ജെ.പി ശക്തമായ ആധപത്യം സ്ഥാപിക്കുമെന്നാണ് സൂചന.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പ്
ആകെ സീറ്റ് - 48
ബി.ജെ.പി - ശിവസേന എൻ.ഡി.എ സഖ്യം - 41
കോൺഗ്രസ് - എൻ.സി.പി സഖ്യം - 5
മറ്റുള്ളവർ - 2