തിരുവനന്തപുരം: ജില്ലയുടെ ഒരിക്കലും അവസാനിക്കാത്ത കുടിവെള്ളക്ഷാമത്തിന് പരിഹാരമായി നാല് കുടിവെള്ള പദ്ധതികൾ നടപ്പാക്കുന്നു. ഇതോടെ കുടിനീരിനായുള്ള പരക്കം പാച്ചിലിന് അവസാനമാകുമെന്നാണ് പ്രതീക്ഷ.
ഈ ലക്ഷ്യത്തോടെ ജില്ലയിൽ നാല് കുടിവെള്ള പദ്ധതികൾക്ക് കിഫ്ബി അനുമതി നൽകിയിരിക്കുകയാണ്. കുളത്തൂർ - കാരോട് - ചെങ്കൽ, കോട്ടുകാൽ - അതിയന്നൂർ, കിഴക്കൻമല - ആര്യങ്കോട് - പെരുങ്കടവിള, നെയ്യാർ- പി.ടി.പി എന്നീ പദ്ധതികൾക്കായി 455.82 കോടിയാണ് കിഫ്ബി അനുവദിച്ചത്. സംസ്ഥാനമൊട്ടാകെ 69 കുടിവെള്ള പദ്ധതികൾക്കായി 4351 കോടിയാണ് കിഫ്ബിയിൽ നിന്ന് അനുവദിച്ചിട്ടുള്ളത്.
1. കുളത്തൂർ - കാരോട് - ചെങ്കൽ പദ്ധതി:
പദ്ധതിത്തുക : 89.19 കോടി
ലക്ഷ്യം: തീരപ്രദേശമായ പൊഴിയൂരിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുക.
ഫലം: തീരദേശമായ പൊഴിയൂർ ഉൾപ്പെടെ കുളത്തൂർ, കാരോട്, ചെങ്കൽ പഞ്ചായത്തുകളിൽ യഥേഷ്ടം വെള്ളം ലഭിക്കും.ചെങ്കൽ, കാരോട്, കുളത്തൂർ പഞ്ചായത്തുകളിലാണ് ഇപ്പോൾ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്.
പദ്ധതി: നെയ്യാറിലെ മാവിളക്കടവിൽനിന്നു വെള്ളം കാരോട് പഞ്ചായത്തിലെ പൊൻവിളയിൽ നിർമിക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യും. മൂന്ന് പഞ്ചായത്തുകളിലെ മുഴുവൻ പ്രദേശത്തേക്കും കുടിവെള്ളം എത്തിക്കാനാകും.
2. കോട്ടുകാൽ - അതിയന്നൂർ പദ്ധതി
പദ്ധതിത്തുക: 25.49 കോടി
ലക്ഷ്യം: കോട്ടുകാൽ, അതിയന്നൂർ പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുക.
പദ്ധതി: നെയ്യാറിൽ നിന്ന് വെള്ളം പാതിരശേരിയിലെത്തിച്ച് പമ്പ് ചെയ്ത് പോങ്ങിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തിച്ചാണ് ഫലം: കോട്ടുകാൽ, അതിയന്നൂർ പഞ്ചായത്തുകളുടെ ദാഹമകറ്റും.
3. കിഴക്കൻമല - ആര്യങ്കോട് - പെരുങ്കടവിള പദ്ധതി
തുക: 43.09 കോടി
ലക്ഷ്യം: നെയ്യാറ്രിൻകരയിലെ ആര്യങ്കോട്, പെരുങ്കടവിള പഞ്ചായത്തുകളിലും
കുന്നത്തുകാൽ പഞ്ചായത്തിന്റെ ചില ഭാഗങ്ങളിലും കുടിവെള്ളമെത്തിക്കും.
പദ്ധതി: മൂന്നാറ്റിൻമുക്ക് പമ്പ് ഹൗസിൽ നിന്ന് പമ്പ് ചെയ്യുന്ന നെയ്യാറിലെ ജലം കിഴക്കൻമലയിൽ സ്ഥാപിക്കുന്ന 10 എം.എൽ.ഡി ട്രീറ്റ്‌മെന്റ് പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ച ശേഷം വിവിധയിടങ്ങളിലേക്ക് വിതരണം ചെയ്യും.
4.നെയ്യാർ - പി.ടി.പി നഗർ പദ്ധതി
തുക: 293 കോടി
ലക്ഷ്യം: നെയ്യാർഡാമിൽ നിന്നുള്ള വെള്ളം പ്ലാന്റിൽ ശുദ്ധീകരിച്ച ശേഷം പി.ടി.പി നഗറിലെ സംഭരണിയിൽ ശേഖരിച്ച് വിതരണം ചെയ്യും
പദ്ധതി: നെയ്യാറിൽ നിന്ന് ശുദ്ധീകരിച്ചെടുക്കുന്ന വെള്ളം വീണ്ടുമൊരു പമ്പിംഗ് കൂടാതെ 24 കിലോമീറ്റർ ദൂരത്തിൽ സ്ഥാപിക്കുന്ന പൈപ്പുകളിലൂടെ സ്വാഭാവികമായ ഒഴുക്കിൽ പി.ടി.പിയിലെ സംഭരണിയിൽ എത്തിക്കും.1400 മില്ലിമീറ്റർ വ്യാസമുള്ള മൈൽഡ് സ്റ്റീൽ പൈപ്പുകൾ സ്ഥാപിക്കും. നെയ്യാർഡാമിന് സമീപം 3.5 ഏക്കറിൽ ജലശുദ്ധീകരണ ശാല നിർമ്മിക്കും.
കിഫ്ബി അനുവദിച്ച പദ്ധതിത്തുക:
455 കോടി
പദ്ധതികൾ വരുന്നതോടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. മൂന്ന് വർഷത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം - എക്സിക്യൂട്ടിവ് എൻജിനിയർ