mobile-

തിരുവനന്തപുരം: കണ്ടാൽ ഒറിജിനൽ തോറ്രുപോകും! കുറച്ചുദിവസത്തെ ഉപയോഗത്തിലൊന്നും കുഴപ്പമുണ്ടാവില്ല. പക്ഷേ, പണി വന്നാൽപെട്ടതുതന്നെ. ഏതെങ്കിലും സർവീസ് സെന്ററിൽ ചെല്ലുമ്പോഴാകും ഈ വ്യാജന്റെ പുറംപൂച്ച് പൊളിയുന്നത്. വ്യാജനാണെന്ന് തിരിച്ചറിഞ്ഞാലും മറ്റൊരു വഴിയുമില്ല. വിൽക്കുന്നവരുടെ പൊടിപോലുമുണ്ടാവില്ല കണ്ടുപിടിക്കാൻ. സംസ്ഥാനത്ത് മൊബൈൽ ഫോണിന് ആവശ്യക്കാർ ഏറിവരുന്നതോടെ അത് മുതലെടുക്കാൻ വ്യാജന്മാരും രംഗത്തെത്തിയതിന്റെ സൂചനയാണിത്.

ദിവസങ്ങൾക്ക് മുമ്പ് ട്രെയിനിൽ കടുത്തുന്നതിനിടെ ചില പ്രമുഖ ബ്രാൻഡുകളുടെ 130 വ്യാജ ഫോണുകൾ പാലക്കാട്ടുവച്ച് റെയിൽവേ പൊലീസ് പിടിച്ചെടുത്തിരുന്നു. മഹാരാഷ്ട്ര സ്വദേശികളാണ് പിടിയിലായത്. അതോടെയാണ് ഒറിജിനലിനെ വെല്ലും വ്യാജനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. അംഗീകൃത വിൽപ്പനശാലകളിലൂടെയോ ഷോപ്പുകളിലൂടെയോ അല്ല ഇവയുടെ വിൽപ്പന. വിലക്കുറച്ച് നൽകാമെന്ന് പറഞ്ഞാകും തട്ടിപ്പുകാർ മൊബൈൽ ഫോണുമായി ആവശ്യക്കാരെ തേടിയെത്തുക. നോക്കുമ്പോൾ പ്രമുഖ ബ്രാൻഡ് ഫോണുകളിൽ നിന്ന് കാഴ്ചയിൽ ഒരു വ്യത്യാസവുമുണ്ടാവില്ല. വിലക്കുറച്ച് നൽകാനും തയാറാകുന്നതോടെ തട്ടിപ്പുകാരുടെ ചതിക്കുഴിയിൽ വീണുപോകും. ഉപയോഗിച്ചുനോക്കുമ്പോഴായിരിക്കും സംഗതി വ്യാജനായിരുന്നുവെന്ന് മനസിലാകുക.

കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് വ്യാജന്മാരുടെ വിൽപ്പന ഏറെയും നടക്കുന്നതത്രേ. വ്യാജ മൊബൈൽ ഫോണുകളും ഫോൺ മോഷണവും തടയാ‍നുള്ള സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി റജിസ്റ്റർ (സി.ഇ.ഐ.ആർ) പദ്ധതി 2017 ജൂലൈയിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അതിനെയെല്ലാം കബളിപ്പിച്ചുകൊണ്ടാണ് വ്യാജ മൊബൈൽ ഫോൺ മാഫിയയുടെ പ്രവർത്തനം. ഓൺലൈൻ സൈറ്റുകൾ വഴിയും ഇവ വിൽക്കുന്നുണ്ടോ എന്ന് വിശദമായി പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.

പാർട്സുകൾ എത്തിക്കും, കൂട്ടിയോജിപ്പിക്കും

ചൈന, തായ്‌വാൻ, ദുബായ് എന്നിവിടങ്ങളിൽ നിന്നാണ് വ്യാജ മൊബൈൽ ഫോൺ നിർമ്മിക്കുന്നതിനാവശ്യമായ പാർട്സുകൾ എത്തിക്കുന്നത്. ഡൽഹിയിലും മുംബയിലുമൊക്കെയാണ് ഇവയുടെ കൂട്ടിയോജിപ്പിക്കൽ കേന്ദ്രങ്ങൾ. ഇങ്ങനെ പാർട്സുകൾ കൂട്ടിച്ചേർത്ത് വ്യാജ മൊബൈൽ നിർമ്മാണത്തിനായി പ്രത്യേക കേന്ദ്രങ്ങൾതന്നെ അവിടങ്ങളിൽ ഉണ്ടെന്നും പറയപ്പെടുന്നു. എത് പ്രമുഖ കമ്പനിയുടെ ഡ്യൂപ്ലിക്കറ്റ് മോഡലും ഇവിടെ നിന്ന് നിർമ്മിച്ചുനൽകും. ഡൽഹിയിലെ പാലിക ബസാർ, ലജ്പത് നഗർ, കരോൾ ബാഗ് എന്നിവിടങ്ങളിൽ ഈ ഡ്യൂപ്ലിക്കേറ്റ് ഫോണുകൾ പരസ്യമായാണ് വിൽപ്പന നടത്തുന്നതത്രേ. ട്രെയിൻ മാർഗമാണ് ഇവ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്നത്. പാലക്കാട്ട് വ്യാജഫോണുകൾ പിടികൂടിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്.

കേരളത്തിൽ കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവുമധികം വ്യാജന്മാർ വിൽക്കുന്നതെന്നാണ് പിടിയിലായവർ നൽകിയ സൂചന. ഇതുസംബന്ധിച്ച നിരവധി പരാതികൾ നിർമ്മാതാക്കളിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഇങ്ങനെ അറിയാം

ഒറിജിനലിനെ വെല്ലുന്ന വ്യാജ ഫോണുകൾ ഉപയോഗിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴേക്കും അവ തനിനിറം കാട്ടിത്തുടങ്ങും. വിവിധ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ ഹാംഗ് ആവുക, ബാറ്ററി പെട്ടെന്ന് തീരുക, അമിതമായി ഹാൻഡ് സെറ്റ് പെട്ടെന്ന് ചൂടാവുക എന്നിവയെല്ലാം വ്യാജന്റെ ലക്ഷണങ്ങളാണ്. കൂടാതെ ചാർജ് ചെയ്യുമ്പോൾ പൊട്ടിത്തെറിയ്ക്കാനുള്ള സാദ്ധ്യതയും വ്യാജന്മാർക്കുണ്ട് .

അധികൃതരുടെ മുന്നറിയിപ്പ്

 വലിയ വില വ്യത്യാസത്തിൽ നൽകുന്ന ഫോണുകൾ പരിശോധിച്ച് മാത്രം വാങ്ങുക. ഒരു കമ്പനിയും സ്വന്തം ഉത്പന്നം വൻ വിലക്കുറവിൽ നൽകാറില്ല.
 അംഗീകൃത മൊബൈൽ ഫോൺ വ്യാപാരികളിൽ നിന്നോ ഷോപ്പുകളിൽ നിന്നോ മാത്രം ഫോൺ വാങ്ങുക. വാറന്റി, സീൽ എന്നിവ ശ്രദ്ധിച്ചു വേണം ഫോണുകൾ വാങ്ങാൻ.