ഹൂസ്റ്റണിൽ ഞായറാഴ്ച നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'ഹൗഡി മോദി " സംഗമം ചരിത്ര സംഭവമായി മാറിയതിൽ ഓരോ ഇന്ത്യക്കാരനും അകമഴിഞ്ഞ് അഭിമാനിക്കാം. ഇന്ത്യയുടെ യശസ് ഉയർത്തുന്നതിലും ഈ അപൂർവ സംഗമം സാക്ഷിയായി. ഇന്നോളം ഒരു പ്രധാനമന്ത്രിക്കും നേടാനാവാത്ത ആദരവും സ്വീകാര്യതയുമാണ് നരേന്ദ്രമോദി നേടിയെടുത്തത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാന്നിദ്ധ്യവും സുരക്ഷാ നിയന്ത്രണങ്ങൾ പോലും മറികടന്ന് ഇരുനേതാക്കളും സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ഇന്ത്യൻ പ്രവാസികളുൾപ്പെടെയുള്ള സദസ്യരെ അഭിവാദ്യം ചെയ്തുകൊണ്ട് ചുറ്റി നടന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുതിയൊരു അദ്ധ്യായം എഴുതിച്ചേർത്തിരിക്കുകയാണ്. ലോകത്തെ രണ്ട് വൻ ജനാധിപത്യ രാജ്യങ്ങളുടെ അമരക്കാരായ മോദിയും ട്രംപും ഒരുപോലെ സദസ്യരെ കൈയിലെടുത്തു. രണ്ടാംവട്ടവും അധികാരത്തിലേറിയ ശേഷമുള്ള മോദിയുടെ ആദ്യ യു.എസ് സന്ദർശനം അതിന്റെ ആദ്യ പാദത്തിൽത്തന്നെ അവിസ്മരണീയവുമായി. യു.എൻ സമ്മേളനത്തിൽ പങ്കെടുക്കുന്നത് ഉൾപ്പെടെ ഏറെ പ്രധാനപ്പെട്ട ഔദ്യോഗിക ചടങ്ങുകൾ മോദിയെ കാത്തിരിപ്പുണ്ട്.
യു.എസുമായുള്ള സൗഹൃദവും സഹകരണവും പരമാവധി ഊട്ടിയുറപ്പിക്കാൻ മോദിയുടെ ഇപ്പോഴത്തെ സന്ദർശനം ഉപകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇന്ത്യയ്ക്കും യു.എസിനും ഒരുപോലെ ഗുണകരമായ വാണിജ്യബന്ധം വിപുലമാക്കുന്നതിനും പുതിയ വ്യവസായ പ്രമുഖരെ ഇന്ത്യയിലേക്ക് ആകർഷിച്ച് വിദേശനിക്ഷേപം സാദ്ധ്യമാക്കുന്നതിനുമുള്ള അടിത്തറ ഒരുക്കുന്നതിനു കൂടി ലക്ഷ്യമിട്ടാണ് മോദിയുടെ ഈ സന്ദർശനം. ട്രംപ് ഭരണകൂടം ഇടക്കാലത്ത് ഇന്ത്യൻ താത്പര്യങ്ങൾക്കെതിരായ ചില ഭരണ നടപടികൾ കൈക്കൊണ്ടിരുന്നെങ്കിലും രൂക്ഷമായ വിമർശനം ഉയർന്നതോടെ അവ ഒന്നൊന്നായി പിൻവലിച്ചിരുന്നു. അമേരിക്കയിലുള്ള ഇന്ത്യൻ സമൂഹത്തെ ശത്രുപക്ഷത്താക്കിയാലുള്ള അപകടം ട്രംപിനും ബോദ്ധ്യമായിട്ടുണ്ട്. അതുകൊണ്ടു കൂടിയാകാം വിവാദ തീരുമാനങ്ങൾ പലതും ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായത്.
'ഹൗഡി മോദി" സംഗമത്തിൽ പ്രധാനമന്ത്രി മോദി നടത്തിയ ഒരു മണിക്കൂർ നീണ്ട പ്രസംഗം ആദ്യന്തം ആവേശോജ്ജ്വലമായിരുന്നു. വിവിധ വിഷയങ്ങളിൽ ഇന്ത്യയുടെ ശക്തമായ നിലപാടുകൾ ദൃഢസ്വരത്തിലാണ് അദ്ദേഹം പ്രഖ്യാപിച്ചത്. കാശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തന്റെ സർക്കാർ കൈക്കൊണ്ട തീരുമാനങ്ങൾ അദ്ദേഹം പരാമർശിച്ചു. ട്രംപിനെയും അദ്ദേഹത്തിന്റെ ഭരണത്തെയും വാനോളം പ്രശംസിക്കുകയും ചെയ്തു. ട്രംപ് അടുത്ത തിരഞ്ഞെടുപ്പിലും ജയിച്ച് വീണ്ടും പ്രസിഡന്റായി വരുന്നത് അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ഒരുപോലെ ഗുണകരമാകുമെന്ന മോദിയുടെ പ്രഖ്യാപനം ശ്രദ്ധേയമാണ്. ഇന്ത്യ - യു.എസ് നയതന്ത്രബന്ധത്തിൽ കൂടുതൽ ശക്തമായ ഒരു മാറ്റം സ്ഫുരിക്കുന്നതാണ് മോദിയുടെ ഈ വാക്കുകൾ.
അമേരിക്കയുടെ ഊർജ്ജ തലസ്ഥാനമായി അറിയപ്പെടുന്ന ഹൂസ്റ്റണിൽ പ്രധാനമന്ത്രി മോദി എണ്ണ - പ്രകൃതി വാതക മേഖലകളിലേതടക്കം പ്രവർത്തിക്കുന്ന ഒന്നര ഡസനോളം വൻകിട കമ്പനികളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഊർജ്ജരംഗത്ത് കൂടുതൽ സഹകരണം ഉറപ്പിക്കാൻ ധാരണയായിട്ടുണ്ട്. പ്രമുഖ യു.എസ് പ്രകൃതി വാതക കമ്പനിയായ ടെല്ലൂറിയനും ഇന്ത്യയിലെ പെട്രോനെറ്റും തമ്മിൽ മോദിയുടെ സാന്നിദ്ധ്യത്തിൽ ഒപ്പുവച്ച ധാരണാപത്ര പ്രകാരം പ്രതിവർഷം 50 ലക്ഷം ടൺ എൽ.എൻ.ജി ഇന്ത്യ വാങ്ങും. നാല്പതു വർഷത്തേക്കുള്ളതാണ് കരാർ. ഊർജ്ജരംഗത്ത് വേറെയും കമ്പനികളുമായി ഇന്ത്യ കരാറുണ്ടാക്കുന്നുണ്ട്.
ഇന്ത്യയുമായുള്ള വാണിജ്യ - വ്യവസായ ബന്ധങ്ങൾ വിപുലീകരിക്കേണ്ടത് യു.എസിനും കൂടുതൽ ആവശ്യമായി വന്നിട്ടുള്ള സന്ദർഭമാണിത്. ചൈനയുമായുള്ള വ്യാപാര ബന്ധത്തിൽ നേരിടുന്ന വൻ തകർച്ച ഇന്ത്യയ്ക്കനുകൂലമായി മാറ്റിയെടുക്കാനുള്ള അവസരം കൂടിയാണിത്. ഭീകരവാദവുമായി ബന്ധപ്പെട്ട് പ്രമുഖ അറബി രാജ്യങ്ങളുമായി ഏറെ ഇടഞ്ഞുനിൽക്കുന്ന അമേരിക്കയ്ക്ക് ഏഷ്യയിൽ എന്നും വിശ്വസിക്കാവുന്ന രാജ്യമാണ് ഇന്ത്യ. ആ നിലയ്ക്ക് ഇന്ത്യയുമായി നയതന്ത്ര തലത്തിലും വ്യാപാര ബന്ധത്തിലും ഏറെ അടുത്തു സഹകരിക്കാൻ അമേരിക്കയ്ക്ക് താത്പര്യമുണ്ട്. 'ഹൗഡി മോദി" സംഗമത്തിൽ ചെയ്ത ലഘുപ്രസംഗത്തിൽ ട്രംപ് അതു കൂടുതൽ വ്യക്തമാക്കുകയും ചെയ്തു. വൈറ്റ് ഹൗസിൽ തന്നെക്കാൾ മികച്ചൊരു സുഹൃത്ത് ഇന്ത്യയ്ക്ക് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്നാണ് ട്രംപ് പറഞ്ഞത്. മോദിയെയും അദ്ദേഹത്തിന്റെ ഭരണ നൈപുണ്യത്തെയും വാനോളം ഉയർത്തുന്നതിലും യു.എസ് പ്രസിഡന്റ് ഒരു പിശുക്കും കാണിച്ചില്ല. ഇന്ത്യൻ വംശജർ അമേരിക്കയുടെ വളർച്ചയിൽ വഹിക്കുന്ന വലിയ പങ്കിനെ ട്രംപ് പ്രത്യേകം പ്രശംസിച്ചു. അതുപോലെ അമേരിക്ക ഇന്ത്യയുടെ അഭിവൃദ്ധിക്കായി ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രധാനമന്ത്രി മോദിയുടെ യു.എസ് സന്ദർശനത്തിലെ മുഖ്യ ഇനങ്ങൾ ഇനി നടക്കാനിരിക്കുന്നതേയുള്ളൂ. യു.എൻ ജനറൽ അസംബ്ളി സമ്മേളനമാണ് അതിൽ ഏറ്റവും മുഖ്യം. ഭീകരവാദവും കാലാവസ്ഥാ വ്യതിയാനവും ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ഐക്യരാഷ്ട്രസഭയുടെ പരിഗണനയ്ക്കായി എത്തുന്നുണ്ട്. അന്തരീക്ഷ മലിനീകരണത്തോത് കുറയ്ക്കുന്നതിൽ ഇന്ത്യയുടെ സ്ഥാനം ഇപ്പോഴും പിന്നിലാണ്. മോട്ടോർ വാഹനങ്ങളുടെ പെരുപ്പം വലിയ ഭീഷണിയാണ്. ഇവ സൃഷ്ടിക്കുന്ന മലിനീകരണം കുറയ്ക്കാൻ ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം വൻതോതിലാക്കണമെന്നാണ് നിർദ്ദേശം ഉയർന്നിട്ടുള്ളത്. 2030-ഓടെ രാജ്യത്തെ നിരത്തുകളിൽ ഓടുന്ന വാഹനങ്ങളിൽ പകുതിയും വൈദ്യുതി ഉപയോഗിച്ചുള്ളവയാകണമെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ നീങ്ങുന്നത്. അമേരിക്കയുമായുള്ള സഹകരണം ഈ രംഗത്തും ഇന്ത്യയ്ക്കു മുതൽക്കൂട്ടാകുമെന്നു വേണം കരുതാൻ.