കുഴിത്തുറ: പഴമയുടെ പെരുമ വിളിച്ചോതി ഈ വർഷത്തെ നവരാത്രി ഘോഷയാത്ര 26ന് രാവിലെ 8ന് ആരംഭിക്കും. പ്രസിദ്ധിയാർജ്ജിച്ച ഘോഷയാത്രയ്ക്ക് പിന്നിൽ മൂന്ന് ദൈവങ്ങളുടെ യാത്രാ വിശേഷങ്ങളാണുള്ളത്. കന്യാകുമാരി ജില്ലയിലുൾപ്പെട്ട കൽക്കുളം പദ്മനാഭപുരം കൊട്ടാരത്തിലെ തേവാരക്കെട്ടിൽ നിന്നു സരസ്വതീ ദേവി, വേളിമലയിലെ കുമാരകോവിലിൽ നിന്ന് വേലായുധ സ്വാമി, ശുചീന്ദ്രത്തു നിന്ന് മുന്നൂറ്റി മങ്ക എന്നീ വിഗ്രഹങ്ങളെയാണ് ആചാരപരമായ ഘോഷയാത്രയോടെ എത്തിക്കുക. പദ്മനാഭപുരത്ത് നിന്ന് തിരിക്കുന്ന ഘോഷയാത്ര കേരളപുരം, മാർത്താണ്ഡം വഴി രാത്രി കുഴിത്തുറ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ എത്തും. സരസ്വതീ ദേവിയെ ആനപ്പുറത്തും കുമാരസ്വാമിയെ വെള്ളി കുതിരപ്പുറത്തും മുന്നൂറ്റി നങ്കയെ പല്ലക്കിലും കൊണ്ടു വരും. ഘോഷയാത്രയെ തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ കരുവേലപ്പുര മാളികയ്ക്കു മുന്നിൽ ആചാരപരമായി വരവേൽക്കും.

ഘോഷയാത്രയ്ക്ക് കേരള പൊലീസിന്റെ അശ്വാരൂഢ സേനയുടെ അകമ്പടിയുണ്ടാകും. പിന്നീട് സരസ്വതീ വിഗ്രഹത്തെ കിഴക്കേ നടയിലെ കരുവേലപ്പുര മാളികയിലുള്ള ചൊക്കട്ടാ മണ്ഡപത്തിൽ (നവരാത്രി മണ്ഡപം) പ്രതിഷ്ഠിക്കും. തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ ആയുധങ്ങളും ഗ്രന്ഥക്കെട്ടുകളും വിഗ്രഹത്തിനു മുന്നിൽ പൂജ വയ്ക്കും. കുമാരസ്വാമിയെ നഗര പരിധിയിലുള്ള ആര്യശാല ക്ഷേത്രത്തിലും മുന്നൂറ്റി നങ്കയെ ചെന്തിട്ട ക്ഷേത്രത്തിലും ആനയിക്കും. അതോടെ തലസ്ഥാന നഗരം നവരാത്രി ആഘോഷത്തിന്റെ തിരക്കിലാകും.
.

മുന്നൂറ്റിനങ്ക നാളെ പുറപ്പെടും

നവരാത്രി ഘോഷയാത്രയിൽ തേവാരക്കെട്ടു സരസ്വതിക്കൊപ്പം അകമ്പടി സേവിക്കുന്ന ശുചീന്ദ്രം മുന്നൂറ്റിനങ്ക നാളെ രാവിലെ 9ന് പുറപ്പെടും. രാവിലെ പ്രത്യേക പൂജകൾക്ക് ശേഷം പല്ലക്കിൽ എഴുന്നള്ളുന്ന മുന്നൂറ്റിനങ്ക ശുശീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിലെ രഥവീഥികൾ വലംവച്ച് പദ്മനാഭപുരത്തേക്ക് തിരിക്കും. 26ന് രാവിലെ മുന്നൂറ്റിനങ്കയും വേളിമല കുമാരസ്വാമിയും തേവാരക്കെട്ടു ക്ഷേത്രത്തിന് മുന്നിൽ എത്തും. രാവിലെ 8ന് പദ്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റച്ചടങ്ങ് നടക്കും. 27ന് കുഴിത്തുറയിൽ നിന്ന് തിരിക്കുന്ന ഘോഷയാത്രയ്ക്ക് രാവിലെ 11ന് കേരള - തമിഴ്നാട് അതിർത്തി പ്രദേശമായ കളിയിക്കാവിളയിൽ സ്വീകരണം നൽകും. രാത്രി നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തുന്ന ഘോഷയാത്ര 28ന് രാവിലെ അവിടെ നിന്ന് പുറപ്പെട്ട് രാത്രിയോടെ തിരുവനന്തപുരത്ത് എത്തിച്ചേരും. ഉടവാൾ കൈമാറ്റച്ചടങ്ങിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, ആൻസലൻ, പുരാവസ്തു ഡയറക്ടർ കെ.ആർ. സോന, കൊട്ടാരം ചാർജ് ഓഫീസർ അജിത് കുമാർ, കന്യാകുമാരി ജില്ലാ കളക്ടർ പ്രശാന്ത് എം. വഡ്നേരെ, തിരുവനന്തപുരം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും.

ആരംഭിക്കുന്നത് 25ന് ശുചീന്ദ്രത്തു നിന്ന്

കളിയിക്കാവിളയിൽ എത്തുന്നത് 27ന്

നവരാത്രി ഘോഷയാത്രയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. കന്യാകുമാരി ജില്ലാ സൂപ്രണ്ട് ശ്രീനാഥിന്റെയും തിരുവനന്തപുരം ജില്ലാ സൂപ്രണ്ടുമാരുടെയും നേതൃത്വത്തിൽ സുരക്ഷയ്ക്കായി 400 ൽപരം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

- അജിത് കുമാർ, ചാർജ് ഓഫീസർ