pinarayi-vijayan

തിരുവനന്തപുരം: സത്യത്തിന്റെ സൂര്യവെളിച്ചത്തെ മറയ്ക്കാൻ ആരോപണങ്ങളുടെ മുറം മതിയാവില്ലെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങൾക്ക് അക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കിഫ്ബിയുടെ അക്കൗണ്ടുകൾ സി.എ.ജി ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. യു.ഡി.എഫ് ഭരണകാലത്തെ പാലാരിവട്ടം പാലം പോലുള്ള അഴിമതികളിൽ ഉത്തരവാദികളായ നേതാക്കളെ ജനം ചോദ്യം ചെയ്യുന്ന സ്ഥിതി വന്നപ്പോഴാണ് പ്രതിപക്ഷ നേതാവിന്റെ പ്രസക്തമല്ലാത്ത ചോദ്യങ്ങൾ. തെറ്റിദ്ധാരണ ഒഴിവാക്കാനാണ് മറുപടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

ചോദ്യങ്ങൾക്കുള്ള ഉത്തരം

1.ട്രാൻസ്ഗ്രിഡ് പദ്ധതിക്ക് തയ്യാറാക്കിയ എസ്റ്റിമേ​റ്റിനെക്കാൾ കൂടുതലാണ് ടെൻഡർ തുകയെങ്കിൽ അംഗീകരിക്കണോ വേണ്ടയോ എന്ന് പരിശോധിക്കാൻ സെക്രട്ടറിതല സമിതിക്കും കാബിന​റ്റിനും അധികാരമുണ്ട്. ഓരോ തലത്തിലും ടെൻഡർ എക്‌സസ് നൽകുന്നതിന് പരിധിയും നിർണയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ടെൻഡർ സ്വീകരിക്കുക. മുമ്പും ഇങ്ങനെയാണ്.

2.ട്രാൻസ്ഗ്രിഡ് പദ്ധതി നടപ്പാക്കുന്നത് കിഫ്ബി, പവർ ഡിപ്പാർട്ട്‌മെന്റ്, കെ.എസ്.ഇ.ബി എന്നിവ ചേർന്നെടുത്ത ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ്. പ്രതിപക്ഷ നേതാവിന് എപ്പോൾ വേണമെങ്കിലും ഇത് പരിശോധിക്കാം. എല്ലായിടത്തും വൈദ്യുതിലഭ്യത ഉറപ്പുവരുത്താനാണ് കിഫ്ബി സ്വരൂപിക്കുന്ന തുകയ്ക്ക് പത്തുശതമാനം പലിശ ഈടാക്കുന്നത് ഉചിതമെന്നു നിശ്ചയിച്ചശേഷം എട്ട്, ഒമ്പത് ശതമാനം പലിശയ്ക്ക് വായ്പ നൽകാമെന്ന് ആലോചിക്കുന്നത്.

3.സിവിൽ നിർമാണ പ്രവർത്തനങ്ങളിൽ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് സ്വീകരിക്കുന്ന പ്രധാനപ്പെട്ട ഡാ​റ്റയാണ് ഡൽഹി ഷെഡ്യൂൾ ഒഫ് റേ​റ്റ്. 2013 മുതൽ പൊതുമരാമത്ത് വകുപ്പും ഇതനുസരിച്ചാണ് എസ്​റ്റിമേ​റ്റുകൾ തയ്യാറാക്കുന്നത്.

4. കേരളത്തിന്റെ വൈദ്യുതി ആവശ്യകതയ്ക്ക് ഉതകും വിധത്തിലുള്ള അടിസ്ഥാന സൗകര്യവികസനമാണ് ട്രാൻസ്ഗ്രിഡിൽ ഉൾപ്പെട്ടിട്ടുള്ളത്. വികസന പ്രവർത്തനങ്ങൾ ഏ​റ്റെടുത്ത് കടബാദ്ധ്യത ക്ലിയർ ചെയ്യാവുന്ന സാഹചര്യമൊരുക്കാനാണ് ശ്രമം.

5. ട്രാൻസ്ഗ്രിഡിന്റെ എസ്​റ്റിമേ​റ്റ് തുക മ​റ്റു പദ്ധതികളുടെ എസ്​റ്റിമേ​റ്റുകളെക്കാൾ 60 ശതമാനത്തിലും ഉയർന്നതാണെന്ന വാദം സത്യമല്ല. എസ്​റ്റിമേ​റ്റ് തയ്യാറാക്കിയിരിക്കുന്നത് കെ.എസ്.ഇ.ബി മ​റ്റു പദ്ധതികൾക്ക് തയ്യാറാക്കുന്ന അതേ നിരക്കിലാണ്.

6.ട്രാൻസ്ഗ്രിഡുമായി ബന്ധപ്പെട്ട് ഒരു വിജിലൻസ് കേസും ഉണ്ടായിട്ടില്ല. 2016ൽ ഏതോ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട്ട് വിജിലൻസ് വിഭാഗം ചില ഓഫീസർമാരോട് വിവരങ്ങൾ തിരക്കിയത് പ്രതിപക്ഷ നേതാവ് തെറ്റിദ്ധരിച്ചു.

7. ഭരണപരമായ കാരണങ്ങളാൽ സ്വാഭാവികമായി ഉണ്ടാകുന്ന മാ​റ്റങ്ങളല്ലാതെ ബോർഡ് സി.എം.ഡി പദവിയിൽ നിന്ന് ഒരാളും സ്ഥാനഭ്രഷ്ടനായിട്ടില്ല.

8. വൈദ്യുതി മേഖലയിലെ ലൈൻ നിർമാണ തൊഴിലാളികളുടെ കൂലി എത്രയാണെന്ന് മനസിലാക്കിയെങ്കിൽ ദിവസക്കൂലി സംബന്ധിച്ച ആരോപണം ഉന്നയിക്കുമായിരുന്നില്ല.

9. ചിത്തിരപുരം യാർഡിൽ തറ നിർമാണത്തിന് 11 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഉണ്ടാക്കിയിട്ടില്ല. 11 കോടി 18 ലക്ഷം രൂപയ്ക്കാണ് യാർഡ് ലെവലിംഗിന് സാങ്കേതികാനുമതി നൽകിയത്. ടെൻഡറിൽ 8.25 കോടിക്കാണ് ലോവസ്​റ്റ് ബിഡ് ലഭിച്ചത്. ഈ തുകയ്ക്കാണ് പണി പൂർത്തിയാക്കിയത്.

10. പ്രീ ക്വാളിഫൈയിംഗ് നിബന്ധനകളിൽ ഒരു മാ​റ്റവും വരുത്തിയിട്ടില്ല. ടെൻഡർ ലഭിച്ചിട്ടുള്ള കമ്പനികളുടെ ടേൺ ഓവർ പ്രതിപക്ഷ നേതാവിന് പരിശോധിക്കാം. എല്ലാം 500 കോടിയിൽ മേലെയാണ്.