തിരുവനന്തപുരം: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വികലമായ നയങ്ങൾ കാരണം വിദ്യാഭ്യാസ മേഖല തകർന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഭാഷാ പഠന വിരുദ്ധ നീക്കങ്ങൾ ഉപേക്ഷിക്കുക, കെ.എ.ടി.എഫ് അവകാശ പത്രിക അംഗീകരിക്കുക, അറബിക് അദ്ധ്യാപക തസ്തികകളിൽ ഉടൻ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എ.ഫ് ) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ശ്രമിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ചുവപ്പ് വത്കരിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമം. വിദ്യാഭ്യാസ മേഖലയിൽ ഭാഷകളെ ഇല്ലായ്മ ചെയ്യാൻ സർക്കാർ ശ്രമിക്കുന്നുവെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്, സെക്രട്ടറി തോന്നയ്ക്കൽ ജമാൽ, എം.പി. അബ്ദുൾ ഖാദർ, ഇ.എ. റഷീദ്, ഇബ്രാഹിം മുതൂർ, സലാഹുദ്ദീൻ, സൈനുദ്ദീൻ, അബൂബക്കർ, എം.വി. അലിക്കുട്ടി, എച്ച്.സലിം തുടങ്ങിയവർ സംസാരിച്ചു.