sep23c

ആറ്റിങ്ങൽ : തന്റെ വിജയത്തിന് പങ്കുവഹിച്ച ആറ്റിങ്ങൽ സൈബർ കൂട്ടായ്മയിലെ അംഗങ്ങളെ കാണാൻ അടൂർ പ്രകാശ്‌ എം.പി എത്തി. ഒപ്പം പാർലമെന്റ് ഇലക്ഷൻ കോൺഗ്രസിന്റെ വിജയത്തിന് നേതൃത്വം നൽകിയ ശബരിനാഥൻ എം.എൽ.എ, കരകുളംകൃഷ്ണ പിള്ള, വർക്കല കഹാർ എന്നിവരും കൂടെയുണ്ടായിരുന്നു. സൈബർ ടീമിന്റെ ഓണാഘോഷത്തിലാണ് അടൂർ പ്രകാശ് എം.പിയും നേതാക്കളും എത്തിയത്.

ഇരുപതു ലോക സഭ മണ്ഡലങ്ങളിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തുകയും കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും മുൻപ് തന്നെ എതിർ സ്ഥാനാർത്ഥിയുടെ വീഴ്ചകൾ ജനങ്ങളിൽ എത്തിക്കാൻ സൈബർ കൂട്ടായ്മയ്ക്ക് കഴിഞ്ഞതുമാണ് ആറ്റിങ്ങലിൽ തന്റെ വിജയത്തിന് അടിത്തറ നൽകിയെന്നും അടുത്ത നിയമസഭാ തിരഞ്ഞടുപ്പിന് മുൻപ് മണ്ഡങ്ങലിലെ വോട്ടർ ലിസ്റ്റിലെ ഇരട്ടിപ്പുകൾ നീക്കം ചെയ്യാൻ ബൂത്തുതലം വരെയുളള പ്രവർത്തകർ പരിശ്രമിക്കണമെന്നും എം.പി പറഞ്ഞു. സൈബർ ടീമിന്റെ ലോഗോ ശബരീനാഥ് എം.എൽ.എ പ്രകാശനം ചെയ്തു. ഇടവ റഹുമാൻ അദ്ധ്യക്ഷത വഹിച്ചു.

സൈബർ ടീം കോ- ഓർഡിനേറ്റർ ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ആനന്ദ്. മുഖ്യപ്രഭാഷണം നടത്തി. ബി.എസ്. ഷിജു മുഖ്യാതിഥി ആയിരുന്നു.