sep23d

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവൺമെന്റ് കോളജിലെ 1991-94 കാലയളവിൽ സാമ്പത്തിക ശാസ്ത്ര ബിരുദ വിദ്യാർത്ഥികൾ 25 വർഷങ്ങൾക്ക് ശേഷം കോളേജിൽ ഒത്തുചേർന്നത് ചരിത്ര നിമിഷമായി. ജീവിതത്തിലെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന പൂർവ വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം കോളേജിൽ ഒത്തുകൂടിയത്. തങ്ങളെ പഠിപ്പിച്ചിരുന്ന അദ്ധ്യാപകരെ ആദരിച്ചും, കൂട്ടത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ധനസഹായം വിതരണം ചെയ്തും കോളേജ് കാലത്തെ അനുഭവങ്ങൾ പങ്കു വച്ചും, ജീവിതത്തിൽ ഉണ്ടായ ബുദ്ധിമുട്ടുകളും സന്തോഷങ്ങളും പങ്കുവച്ചും വീണ്ടും കാണാം എന്ന് ഉറപ്പോട് കൂടിയാണ് അവർ കോളേജിൽ നിന്നും പിരിഞ്ഞത്.

ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിൽ കൂടുതൽ കാലം സാമ്പത്തിക ശാസ്ത്ര വിഭാഗത്തി മേധാവിയായിരുന്ന പ്രൊഫസർ ആൻഡ്രൂസിന്റെ ഓർമ്മയ്ക്കായി 10,000 രൂപയുടെ ക്യാഷ് അവാർഡ് ഏർപ്പെടുത്തി. സാമ്പത്തികശാസ്ത്രത്തിൽ ബിരുദ-ബിരുദാനന്തര പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് എല്ലാവർഷവും പ്രൊഫസർ ആൻഡ്രൂസിന്റെ പേരിലുള്ള ഈ എൻഡോവ്മെന്റ് വിതരണം ചെയ്യാനാണ് തീരുമാനം. ഇതിനാവശ്യമായ തുക എല്ലാവർഷവും പ്രിൻസിപ്പലിന്റെ അക്കൗണ്ടിൽ എത്തിച്ചു കൊടുക്കാനും തീരുമാനിച്ചു.

പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. മണികണ്ഠൻ നായർ നിർവഹിച്ചു. പ്രൊ. സുരേഷ് കുമാർ, പ്രൊ. ലളിത, ഡോ. താജുദ്ദീൻ, പ്രൊഫ. പി. ബാബു, ഡോ. രാജശേഖരൻ പിള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. നൊസ്റ്റാൾജിയ ജനറൽ സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര, എം. മധുസൂദനൻ കോരാണി, ജാഫർ എന്നിവർ സംസാരിച്ചു.