mullappally

തിരുവനന്തപുരം: അമേരിക്കൻ സാമ്രാജ്യത്വത്തിന് മുന്നിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കീഴടങ്ങിയ ദയനീയ ചിത്രമാണ് ഹൂസ്റ്റണിൽ നടന്ന 'ഹൗഡി മോദി" പരിപാടിയിൽ കണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇന്ത്യയുടെ ചേരിചേരാനയവും സാമ്രാജ്യത്വശക്തികളോടുള്ള സന്ധിയില്ലാ സമരവും മോദി കാറ്റിൽപ്പറത്തി. അമേരിക്കൻ സാമ്രാജ്യത്വത്തെയും അവരുടെ ജനവിരുദ്ധ നടപടികളെയും പ്രശംസിച്ച മോദി ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തി. ഇന്ത്യൻ താത്പര്യങ്ങൾ അമേരിക്കയ്ക്ക് അടിയറ വച്ചു. അമേരിക്കയോട് കൂറുള്ള ഏറ്റവും മഹാനായ സുഹൃത്തെന്ന ട്രംപിന്റെ വിശേഷണം മോദി വലിയ അംഗീകാരമായി ഏറ്റുവാങ്ങി. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ഇതുവരെ സാമ്രാജ്യത്വശക്തികളോട് കൂറു പ്രഖ്യാപിച്ചിട്ടില്ല. കച്ചവടതാത്പര്യങ്ങൾ മാത്രമുള്ള ട്രംപിനെപ്പോലുള്ളവരുടെ തിരഞ്ഞെടുപ്പ് പ്രചാരവേല ഏറ്റെടുത്ത പരസ്യക്കമ്പനിയെപ്പോലെയാണ് മോദി പ്രവർത്തിച്ചത്. അമേരിക്കയിലുള്ള ഗുജറാത്തികളും മാർവാടികളും സിന്ധികളുമുൾപ്പെടുന്ന കോടീശ്വരന്മാരാണ് പരിപാടി സംഘടിപ്പിച്ചത്. അവരുടെ ബിസിനസ് താത്പര്യങ്ങൾ സംരക്ഷിക്കുന്ന കാവൽക്കാരായി അമേരിക്കൻ പ്രസിഡന്റിനോടൊപ്പം മോദി തരംതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.