കോവളം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞത്തെ ബെർത്ത് നിർമ്മാണം ഇന്നു തുടങ്ങും. പൈലിംഗ് നടത്താനുള്ള ബാർജ് തയ്യാറായി. വിഴിഞ്ഞം തുറമുഖത്തിലെ സീവേർഡ് വാർഫിനോട് ചേർന്നാണ് പുതിയ ജെട്ടി നിർമ്മിക്കുന്നത്. സർക്കാർ ആനുകൂല്യങ്ങൾ സമയത്ത് ലഭിച്ചില്ലെന്ന് ആരോപിച്ച് പൈലിംഗ് നടത്തേണ്ട സ്ഥലത്ത് ഒരു വിഭാഗം മത്സ്യത്തൊഴിലാളികൾ പ്രതിഷേധ സൂചകമായി വള്ളങ്ങൾ നിരത്തിയിട്ടിരുന്നു. ഇവ നീക്കാൻ നോട്ടീസ് പതിച്ചിരുന്നെങ്കിലും കാലാവധി കഴിഞ്ഞിട്ടും വള്ളങ്ങൾ മാറ്റാത്തതിനെ തുടർന്നാണ് ഇന്നലെ ഇവയെല്ലാം പൊലീസിന്റെ സാന്നിദ്ധ്യത്തിൽ സുരക്ഷിതമായി മാറ്റിയിട്ടത്. നിർമ്മാണം നീളുന്നത് സംബന്ധിച്ച് കേരളകൗമുദി ഞായറാഴ്ച വാർത്ത നൽകിയിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കാൻ സേനയുടെ ആവശ്യപ്രകാരം വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. തീരസംരക്ഷണസേനയുടെ വലിയകപ്പലുകൾ അടുക്കുന്നതിനാണ് സീവേർഡ് വാർഫിനോട് ചേർന്ന് കോസ്റ്റ് ഗാർഡ് പുതിയ ബെർത്ത് നിർമ്മിക്കുന്നത്. 10 കോടി രൂപ നിർമ്മാണത്തിനും നൽകി. തുറമുഖ വകുപ്പിന്റെ എൻജിനിയറിംഗ് വിഭാഗത്തിനാണ് നിർമ്മാണച്ചുമതല. ഒരു വർഷമായി മുങ്ങിക്കിടക്കുന്ന sഗ്ഗാണ് മറ്റൊരു തടസം. ഇത് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി തുറമുഖ അധികൃതർ അറിയിച്ചു.
തടസങ്ങൾ മാറിയാൽ മൂന്നു മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
- പി.എസ്. സ്വപ്ന, തുറമുഖ എൻജിനിയറിംഗ് അസി. എക്‌സിക്യൂട്ടിവ് എൻജിനിയർ
അനുവദിച്ചത് 10 കോടി
മൂന്ന് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി ജനുവരി ആദ്യവാരം ബെർത്തിന്റെ കമ്മിഷൻ നടത്താനാണ് തീരുമാനം.
- വി.കെ. വർഗീസ്, സ്റ്റേഷൻ കമാൻഡർ