തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ അൾട്രാ സൗണ്ട് സ്‌കാനിംഗിന് വിധേയരാകുന്ന രോഗികൾക്ക് ലാബിൽ ടോയ്ലെറ്റ് സ്ഥാപിക്കാത്തതിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടി. മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് നാലാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശിച്ചിരിക്കുന്നത്. മൂന്നോ നാലോ ലിറ്റർ വെള്ളം കുടിച്ച് മൂത്രസഞ്ചി നിറഞ്ഞ ശേഷം മാത്രമാണ് രോഗികളെ സ്‌കാനിംഗിന് വിധേയരാക്കുന്നത്. സ്‌കാനിംഗ് കഴിയുമ്പോൾ അത്യാവശ്യമായി മൂത്രം ഒഴിക്കേണ്ടിവരും. ലാബിൽ ടോയ്ലെറ്റില്ലാത്തതിനാൽ രോഗികൾ അനുഭവിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. ലാബിൽ ജീവനക്കാർക്ക് മൂത്രപ്പുരയുണ്ടെങ്കിലും അത് രോഗികൾക്ക് ഉപയോഗിക്കാനനുമതിയില്ല. മെഡിക്കൽ കോളേജ് വികസനത്തിന് കോടികളാണ് സർക്കാർ ചെലവഴിക്കുന്നത്. എന്നിട്ടും അടിയന്തരാവശ്യങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നതായി പരാതിയുണ്ടെന്ന് ആശുപത്രി വികസന സമിതി അംഗം കൂടിയായ പൊതുപ്രവർത്തകൻ പി.കെ. രാജു പരാതിയിൽ പറഞ്ഞു.