vellappokkam

വിതുര: പൊൻമുടി, ബോണക്കാട് വനമേഖലയിൽ മഴ ശക്തമായതിനെ തുടർന്ന് കല്ലാർ നദി കരകവിഞ്ഞു. ഇന്നലെ ഉച്ച തിരിഞ്ഞാണ് മഴ പെയ്തത്. ചെറുമരങ്ങളും പാറകളും മറ്റും നദിയിലൂടെ ഒഴുകിയെത്തി. ഇതോടെ പൊൻമുടി മലയിൽ ഉരുൾപൊട്ടിയെന്ന വ്യാജ വാർത്തയും പ്രചരിച്ചു. വൈകിട്ട് മൂന്ന് മണിയോടെയാണ് പൊൻമുടി, ബോണക്കാട് വനാന്തരങ്ങളിൽ മഴ കനത്തത്. ഇൗ സമയത്ത് കല്ലാർ മേഖലയിലും നേരിയതോതിൽ മഴ പെയ്തു. ടൂറിസം മേഖല കൂടിയായ കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടത്തിന്റെ ഭാഗത്തു നിന്നാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. പെട്ടെന്ന് നദിയിൽ വെള്ളം പൊങ്ങിയതോടെ നാട്ടുകാരും ടൂറിസ്റ്റുകളും ഭയചകിതരമായി. ഉൾ വനത്തിലെവിടെയോ നേരിയതോതിൽ ഉരുൾ പൊട്ടിയെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ടു മണിക്കൂറോളം നദി കലങ്ങി മറിഞ്ഞൊെഴുകി. മലവെള്ളപ്പാച്ചിലിനെ തുടർന്ന് വാമനപുരം നദിയിലെ പൊന്നാംചുണ്ട് പാലവും മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങി. നദിയിലെ അസാധാരണമായ വെള്ളപ്പൊക്കം കണ്ട് അനവധി പേർ കല്ലാറിൽ എത്തി. നദിയുടെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ട് തീരത്തു താമസിക്കുന്നവരും ഭയന്നു. ഒരാഴ്ച മുൻപ് മീൻമുട്ടിയിൽ നിന്ന് സമാനമായ രീതിയിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. സംഭവസമയം ധാരാളം ടൂറിസ്റ്റുകൾ നദിയിൽ കുളിക്കുകയായിരുന്നെങ്കിലും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വനമേഖലയിൽ മഴ കനത്ത സാഹചര്യത്തിൽ കല്ലാർ മീൻമുട്ടിയും പൊൻമുടിയും സന്ദർശിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശമുണ്ട്.

പടം

കല്ലാർ നദിയിൽ ഇന്നലെയുണ്ടായ മലവെള്ളപ്പാച്ചിൽ