തിരുവനന്തപുരം: മലയാള സിനിമയുടെ തലയെടുപ്പായ മധുവിന് ഇന്നലെ സ്നേഹമാധുര്യത്തിന്റെ ദിനമായിരുന്നു. പിറന്നാൾ ആഘോഷങ്ങൾക്ക് അധികമൊന്നും പിടികൊടുക്കാത്ത സിനിമാ കാരണവർ 86-ാം പിറന്നാൾ ദിനമായ ഇന്നലെ പ്രസ് ക്ളബ് ഒരുക്കിയ ആഘോഷത്തിൽ നിറചിരിയോടെ നിറഞ്ഞു നിന്നു.
മധുമധുരം തിരുമധുരം എന്ന പേരിലൊരുക്കിയ ചടങ്ങ് മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്തു. സിനിമയ്‌ക്കുള്ള ആത്മസമർപ്പണമാണ് മധുവിന്റെ ജീവിതമെന്ന് അദ്ദേഹം പറഞ്ഞു. 57 വർഷമായി മലയാള സിനിമയിൽ നടനായും സംവിധായകനായും നിർമ്മാതാവായും സ്റ്റുഡിയോ ഉടമയായുമൊക്കെ മധു നിറഞ്ഞുനിൽക്കുന്നു. മലയാള സിനിമയുടെ കൗമാര കാലത്ത് വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ അദ്ദേഹം അക്ഷരാർത്ഥത്തിൽ കീഴടക്കി. സാമൂഹികമായും സാംസ്കാരികമായും കേരളീയസമൂഹത്തെ പുരോഗതിയിലേക്കു നയിച്ച സിനിമകളിൽ ശക്തമായ വേഷങ്ങളിൽ മധു ഉണ്ടായിരുന്നു. കിൻഫ്രയിൽ ചലച്ചിത്ര അക്കാഡമി തുടങ്ങിയ ഫിലിം ആർക്കേവ്സിന് സത്യന്റെ പേരിടണമെന്ന് വേദിയിൽ വച്ചുതന്നെ മധു ആവശ്യപ്പെടുകയും സർക്കാർ അത് അപ്പോൾത്തന്നെ സാക്ഷാത്കരിക്കുകയും ചെയ്തു- മന്ത്രി പറഞ്ഞു.
പ്രസ് ക്ലബിന്റെ ഉപഹാരം മന്ത്രി എ.കെ.ബാലൻ മധുവിന് സമർപ്പിച്ചു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അദ്ദേഹത്തെ പൊന്നാട ചാർത്തി. മധുവിന്റെ സിനിമാ ജീവിതത്തെക്കുറിച്ച് അദ്ദേഹത്തിന്റെ മരുമകൻ കൃഷ്ണകുമാർ തയ്യാറാക്കിയ വെബ്സൈറ്റ് ആയ www.madhutheactor.com സംവിധായകൻ ശ്രീകുമാരൻ തമ്പി പ്രകാശനം ചെയ്തു. പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു.
എം.എൽ.എമാരായ ഒ.രാജഗോപാൽ, വി.എസ്.ശിവകുമാർ, എം.മുകേഷ്, സംവിധായകനും കെ.എസ്.എഫ്.ഡി.സി ചെയർമാനുമായ ഷാജി എൻ.കരുൺ, സി.പി.ഐ ദേശീയ നിർവാഹക സമിതി അംഗം പന്ന്യൻ രവീന്ദ്രൻ, സംവിധായകരായ ടി.കെ.രാജീവ്‌കുമാർ, പി.ചന്ദ്രകുമാർ, അമ്പിളി, അഭിനേതാക്കളായ ഇന്ദ്രൻസ്, സുധീർ കരമന, ജോസ്, മേനക, നിർമ്മാതാവ് ജി.സുരേഷ്‌കുമാർ, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെ.ജി.പരമേശ്വരൻ നായർ, ജോർജ്ജ് ഓണക്കൂർ, പത്മജാ രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. പ്രസ് ക്ളബ് മുൻ പ്രസിഡന്റ് കെ.ആർ. അജയൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സാബ്ലു തോമസ് നന്ദിയും പറഞ്ഞു.
സിനിമാ സംസ്കാരിക രംഗങ്ങളിലെ നിരവധി പേർ മധുവിന് ഉപഹാരങ്ങൾ സമ്മാനിച്ചു. അമ്മ പ്രസിഡന്റ് മോഹൻലാലിനു വേണ്ടി പൂജപ്പുര രാധാകൃഷ്ണനും ആത്മയ്ക്കു വേണ്ടി ദിനേശ് പണിക്കരും പൂച്ചെണ്ടുകൾ നൽകി. തുടർന്ന് പിറന്നാൾ സദ്യയും പ്രസ് ക്ലബ് ഒരുക്കിയിരുന്നു.