1

വിഴിഞ്ഞം: കോവളത്തെ കല്ലുമ്മക്കായ (ചിപ്പി) ഇതര ജില്ലകളിൽ ആവശ്യക്കാരേറിയതിന്റെ ആവേശത്തിലാണ് മത്സ്യത്തൊഴിലാളികൾ. ടൺ കണക്കിന് കല്ലുമ്മക്കായയാണ് ആദ്യമായി കോഴിക്കോട് വരെയുള്ള ജില്ലകളിലേക്ക് കയറ്റുമതി ചെയ്യുന്നത്. കോവളത്തെ കല്ലുമ്മക്കായയ്ക്ക് രുചിയും മാംസവും കൂടുതലുള്ളതിനാലാണ് ആവശ്യക്കാരേറിയത്.

മുൻപ് പ്രാദേശിക മാർക്കറ്റുകളിൽ വിറ്റിരുന്ന ഇവ ഇപ്പോൾ കയറ്റുമതി വിപണി കീഴടക്കുകയാണ്.

ഒരു കുട്ട കല്ലുമ്മക്കായയ്ക്ക് 1000 രൂപയാണ് വില. എന്നാൽ ചെറുകിട കച്ചവടക്കാർ എണ്ണത്തിന് വിലയിട്ടാണ് വിൽക്കുന്നത്. സീസണിൽ രണ്ട് രൂപ വരെ വിലയുള്ള ചിപ്പി മറ്റു സമയങ്ങളിൽ നാല് വരെയാകും. കോഴിക്കോട്ടെത്തിയാൽ കോവളം കല്ലുമ്മക്കായയ്ക്ക് വൻ ഡിമാൻഡാണ്. മാംസം മാത്രം വേർതിരിച്ച് നൽകിയാൽ കിലോയ്‌ക്ക് 700 രൂപ വരെ കിട്ടും. കോഴിക്കോട്ട് നിന്ന് നേരിട്ട് വിഴിഞ്ഞത്തെത്തി കല്ലുമ്മക്കായ വാങ്ങുന്നവരുമുണ്ട്. ഇതോടെ തിരുവനന്തപുരത്ത് പ്രാദേശിക മാർക്കറ്റുകളിൽ കല്ലുമ്മക്കായ കിട്ടാത്ത അവസ്ഥയാണ്.