1
മരണപ്പെട്ട രാജൻ (34)

നേമം: പൂജപ്പുര വേട്ടമുക്കിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥിയും സുഹൃത്തായ യുവാവും മരിച്ചു. വിളപ്പിൽശാല ഊറ്റുകുഴി പുഷ്പ സദനത്തിൽ ഫ്രെഡി ജോയിയുടെയും അനിതയുടെയും മകൻ പ്രിൻസ് (21), നോർക്ക റൂട്ട്സിലെ താത്കാലിക ജീവനക്കാരൻ വിളപ്പിൽശാല മുളയറ സ്വർണക്കാട് സിനോഭവനിൽ എസ്. രാജൻ (34) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു അപകടം. ജോലിക്ക് പോകുകയായിരുന്ന രാജന്റെ സ്കൂട്ടറിന് പിന്നിലിരുന്ന് കോളേജിലേക്ക് പോകുകയായിരുന്നു പ്രിൻസ്. മരുതൻകുഴിയിൽ നിന്ന് വേട്ടമുക്കിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ എതിരെ വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക്

തെറിച്ചു വീണ ഇരുവരുടെയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാജനും പ്രിൻസും അയൽവാസികളാണ്. കണ്ണമ്മൂല ജോൺ കോക്സ് മെമ്മോറിയൽ സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ടിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്നു പ്രിൻസ്. സഹോദരങ്ങൾ: പ്രജിത, പ്രജിന. രാജന്റെ ഭാര്യ: താര. മകൻ: സിനോ.