വെള്ളനാട്: ഗ്രാമീണ മേഖലയിലെ കേസുകൾ വേഗത്തിൽ തീർപ്പാക്കാനാണ് വെള്ളനാട് ഗ്രാമ ന്യായാലയം സ്ഥാപിച്ചത്. എന്നാൽ ഇതിന്റെ പ്രവർത്തനം ഇപ്പോൾ അവതാളത്തിലാണ്. നാല് മാസം മുൻപ് മജിസ്ട്രേട്ട് സ്ഥലം മാറിപ്പോയതോടെയാണ് പ്രശ്നത്തിന്റെ തുടക്കം. സ്ഥലം മാറിയ മജിസ്ട്രേട്ടിന് പകരം പുതിയ മജിസ്ട്രേട്ട് ഇതുവരെ എത്തിയിട്ടില്ല.

2016 നവംബർ 19നാണ് ന്യായാലയം ഉദ്ഘാടനം ചെയ്തത്. തുടക്കത്തിൽ നിരവധി കേസുകൾ കൈകാര്യം ചെയ്ത കോടതിയാണ് ഇപ്പോൾ നിലവിലെ കേസുകൾ പോലും ചെയ്യാൻ കഴിയാതെ കിടക്കുന്നത്. മജിസ്ട്രേട്ട് ഇല്ലാത്തതിനാൽ പല കേസും ഇപ്പോൾ മാറ്റിവച്ചു. തീർപ്പാക്കലിന്റെ വക്കിലെത്തിയ പലകേസുകളും മുടങ്ങിക്കിടക്കുകയാണ്. എല്ലാ ദിവസവും ഓഫീസ് പ്രവർത്തിക്കുമെങ്കിലും ആഴ്ചയിൽ രണ്ട് ദിവസം മാത്രമായിരുന്നു വിസ്താരം. ഇതിന് നെടുമങ്ങാട് കോടതിയിൽ നിന്നും മജിസ്ട്രേട്ട് വെള്ളനാട് കോടതിയിൽ എത്തും. എന്നാൽ മജിസ്ട്രേട്ട് ഇല്ലാത്തതിനാൽ ഇപ്പോൾ വരുന്ന കേസുകൾ ഫയൽ ചെയ്ത് അതാത് പൊലീസ് സ്റ്റേഷൻ വഴി പ്രിതികൾക്ക് സമൻസ് അയയ്ക്കുകയാണ് ചെയ്യുന്നത്. ഒപ്പം വീണ്ടും അറിയിപ്പ് ലഭിച്ചിട്ട് കോടതിയിൽ എത്തിയാൽ മതിയെന്നും സമൻസിനൊപ്പം അറിയിക്കും.

പുതിയ മജിസ്ട്രേട്ട് ഉടൻ എത്തുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ ജീവനക്കാർ. എന്നാൽ മാസം നാല് കഴിഞ്ഞിട്ടും ഇതുവരെ നിയമനം ആയിട്ടില്ല. എന്നാൽ നിയമനത്തിനായി ബന്ധപ്പെട്ടവർ ജില്ലാ, ഹൈക്കോടതികളിൽ സമ്മർദ്ദം ചെലുത്താത്തതാണ് നിയമനം താമസിക്കുന്നതെന്നും ആക്ഷേപമുണ്ട്.