election

തിരുവനന്തപുരം: അഞ്ച് നിയമസഭാ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റച്ചട്ടം നിലവിൽ വന്നത്, ശബരിമലയിൽ അടുത്ത മണ്ഡല മകരവിളക്ക് സീസണിന് മുമ്പ് തീർക്കേണ്ട 224 കോടിയുടെ നിർമ്മാണ ജോലികൾക്ക് തിരിച്ചടിയായി.തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക അനുമതി വാങ്ങി നിർമ്മാണത്തിനുള്ള വഴി തേടുകയാണ് പൊതുമരാമത്ത് വകുപ്പ്.പത്തനംതിട്ട, കോട്ടയം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലായിട്ടാണ് 224 കോടിയുടെ പ്രവൃത്തികൾ.ഭരണ, സാങ്കേതികാനുമതികൾ കിട്ടിയവയും ടെൻഡറായവയും ഇതിലുൾപ്പെടുന്നു. ടെൻഡർ നടപടി പൂർത്തിയായ പ്രവൃത്തികളുടെ കരാർ ഒപ്പിടാനും തിരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതി വേണം.പത്തനംതിട്ട ജില്ലയിൽ മാത്രം 48 കോടിയുടെ പ്രവൃത്തികളാണ് നടക്കേണ്ടത്. തീർത്ഥാടന കാലത്തിന് മുമ്പ് തീർക്കാൻ ഹൈക്കോടതി നിർദ്ദേശിച്ച 17 പ്രധാന റോഡുകളുടെയും മറ്റ് 46 റോഡുകളുടെയും നിർമ്മാണം ഇതിലുൾപ്പെടും.പമ്പ, നിലയ്ക്കൽ മേഖലകളുമായി ബന്ധപ്പെട്ട റോഡുകളുമുണ്ട്. റോഡുകളുടെ ഉപരിതല നിർമ്മാണത്തിന് പുറമെ പാലങ്ങളുടെ മെയിന്റനൻസ്, പാതകളുടെ വശങ്ങളിൽ സുരക്ഷാ ക്രമീകരണത്തിന് ക്രാഷ്ബാര്യർ, റിഫ്ളക്റ്ററുകൾ തുടങ്ങിയവ സ്ഥാപിക്കുന്ന ജോലികളും തീർക്കേണ്ടതുണ്ട്.

തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ മാത്രമാണ് പെരുമാറ്റച്ചട്ടം ബാധകമെങ്കിലും മരാമത്ത് പ്രവൃത്തികൾ നിശ്ചിത സമയത്തിനുള്ളിൽ തീർക്കണമെങ്കിൽ ഈ പരിധിക്കുള്ളിലെ ജോലികളും തീർക്കേണ്ടതുണ്ട്. മണ്ഡലകാലത്തിന് മുമ്പ് എല്ലാ പ്രവൃത്തികളും തീർക്കാൻ കഴിയും വിധമാണ് പൊതുമരാമത്ത് വകുപ്പ് നടപടികൾ തുടങ്ങിയിരുന്നത്.