തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നലെ നിലവിൽ വന്നതോടെ മൂന്ന് മുന്നണികളിലും സ്ഥാനാർത്ഥിനിർണയ ചർച്ച സജീവമായി. നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് ഈ മാസം 30 വരെയാണ് സമയമെന്നിരിക്കെ അടുത്ത രണ്ട് ദിവസത്തിനകം സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കളത്തിലിറങ്ങാനുള്ള നീക്കത്തിലാണ് മുന്നണിനേതൃത്വങ്ങൾ. മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.
അഞ്ചിടത്തും ഇടതുമുന്നണിയിൽ മത്സരിക്കുന്നത് സി.പി.എം ആയതുകൊണ്ടുതന്നെ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഏകദേശധാരണയാകും. അന്തിമപ്രഖ്യാപനം നാളെ അതത് മണ്ഡലങ്ങളുൾപ്പെടുന്ന ജില്ലാ സെക്രട്ടേറിയറ്റുകൾ ചേർന്നിട്ടാകും. ജില്ലാഘടകങ്ങളിൽ ഇന്നലെ അവൈലബിൾ ജില്ലാ സെക്രട്ടേറിയറ്റുകൾ ചേർന്ന് ചില പേരുകൾ നിർദ്ദേശിച്ച് സംസ്ഥാന സെന്ററിന് കൈമാറിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദ്ദേശപ്രകാരം യുവാക്കൾക്ക് പ്രാമുഖ്യം നൽകുന്ന രീതിയിലാണ് സി.പി.എമ്മിൽ സ്ഥാനാർത്ഥിസാദ്ധ്യതാ പട്ടികകൾ. ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം ഉച്ചതിരിഞ്ഞ് ഇടതുമുന്നണി യോഗവും ചേരും.
യു.ഡി.എഫിൽ മഞ്ചേശ്വരമൊഴിച്ച് നാലിടത്തും മത്സരിക്കുന്ന കോൺഗ്രസിൽ സ്ഥാനാർത്ഥിചർച്ചയ്ക്കായി മുൻനിര നേതാക്കൾ ഇന്ന് കൂടിയാലോചന നടത്തും. എ.ഐ.സി.സി ജനറൽസെക്രട്ടറി ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ തമ്മിലാണ് പ്രാഥമികചർച്ച. ഇതിലുണ്ടാകുന്ന ധാരണയുടെ അടിസ്ഥാനത്തിൽ കെ.പി.സി.സി തിരഞ്ഞെടുപ്പ് സമിതി ചേർന്നാകും സ്ഥാനാർത്ഥി പാനൽ നിശ്ചയിക്കുക. ഹൈക്കമാൻഡ് കൂടി അംഗീകരിക്കേണ്ടതുള്ളത് കൊണ്ടും രണ്ട് ദിവസത്തിനകം സ്ഥാനാർത്ഥികളെ നിശ്ചയിക്കേണ്ടത് കൊണ്ടും അനൗപചാരിക ചർച്ചകൾ പാർട്ടിക്കുള്ളിൽ സജീവമായിട്ടുണ്ട്. പ്രചാരണത്തിന് സമയം കുറവായത് കാരണം പരിചിതമുഖങ്ങളെ ഇറക്കണമെന്ന ആലോചന നേതൃത്വത്തിലുണ്ട്. വട്ടിയൂർക്കാവ്, കോന്നി, എറണാകുളം മണ്ഡലങ്ങൾ ഐ ഗ്രൂപ്പിന്റേതാണെന്ന അവകാശവാദമുണ്ട്. അരൂർ എ ഗ്രൂപ്പിന്റേതും. ഗ്രൂപ്പ് പരിഗണനയ്ക്കതീതമായ പേരുകൾ വേണമെന്ന വാദവും ശക്തം. വട്ടിയൂർക്കാവിൽ കെ. മുരളീധരന്റെയും കോന്നിയിൽ അടൂർ പ്രകാശിന്റെയും എറണാകുളത്ത് ഹൈബി ഈഡന്റെയും അഭിപ്രായവും കേൾക്കും. മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ മുസ്ലിംലീഗും അടുത്തദിവസം പ്രഖ്യാപിക്കും.
ബി.ജെ.പി കോർകമ്മിറ്റി യോഗം കഴിഞ്ഞ ദിവസം ചേർന്നെങ്കിലും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ വ്യക്തമായ ധാരണയായില്ല. ബി.ഡി.ജെ.എസ് മത്സരിക്കുന്ന അരൂരൊഴിച്ച് നാലിടത്തും പാർട്ടി നിയോഗിച്ച സബ്കമ്മിറ്റികൾ ജില്ലാ, മണ്ഡലം കമ്മിറ്റികളിൽ നിന്ന് അഭിപ്രായരൂപീകരണം നടത്തി മൂന്ന് പേർ വീതമടങ്ങിയ പട്ടിക സംസ്ഥാനനേതൃത്വത്തിന് ഇന്ന് കൈമാറും. അത് ദേശീയനേതൃത്വത്തിന് സംസ്ഥാനനേതൃത്വം കൈമാറും. ദേശീയനേതൃത്വമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. അരൂരിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിച്ചേക്കും.