വെള്ളറട: കായംകുളം പൊലീസിന്റെ പിടിയിലായ കാമറ മോഷ്ടാവിനെ വെള്ളറട പൊലീസ് കൂടുതൽ അന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങി. വെള്ളറടയിൽ നിന്നു ഫോട്ടോ എടുക്കാനെന്നും പറഞ്ഞ് നൈന സ്റ്റുഡിയോ ഉടമ ജോണിയുടെ മകൻ പ്രജേഷ് ജോണിനെ (18) തമിഴ്നാട്ടിൽ കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ ഫോട്ടോ എടുത്തശേഷം കാമറ മോഷ്ടിച്ച കേസിലാണ് തൃപ്പരപ്പ് പിണന്തോട് ചേക്കൽ സ്വദേശി രാജേഷ് (38) കായംകുളം പൊലീസിന്റെ പിടിയിലായത്.
മേയ് 4 നായിരുന്നു ജോണിയുടെ ഒന്നരലക്ഷം രൂപയുടെ കാമറ മേക്കാമണ്ഡപം ഇരണിയേലിനു സമീപം വച്ച് തട്ടിക്കൊണ്ടുപോയത്. എന്നാൽ മേക്കാമണ്ഡപം പൊലീസിൽ ജോണി പരാതി നൽകാൻ എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ല.
തുടർന്നാണ് വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
നിരീക്ഷണ കാമറകൾ പരിശോധിച്ച് തമിഴ്നാട്ടിലെത്തിയ അന്വേഷണസംഘം മാർത്താണ്ഡം പൊലീസിന്റെ സഹായത്തോടെ പ്രതിയെ പൊഴിയൂരിൽ വച്ച് പിടികൂടുകയായിരുന്നു. കായംകുളം പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡിലായ പ്രതിയെ വെള്ളറട പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതി കൂടുതൽ അന്വേഷണത്തിനായി പ്രതിയെ വെള്ളറട പൊലീസിന് കൈമാറി.