തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്നലെ ആരംഭിച്ചെങ്കിലും പ്രമുഖ മുന്നണികളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയായില്ല. 30വരെ പത്രിക സമർപ്പിക്കാമെങ്കിലും രണ്ട് ദിവസത്തിനകം സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സ്ഥാനാർത്ഥികളെ സംബന്ധിച്ച അഭ്യൂഹങ്ങളും ശക്തമായി.

സി.പി.എമ്മിൽ വട്ടിയൂർക്കാവിലേക്ക് മേയർ വി.കെ. പ്രശാന്തിനാണ് മുൻതൂക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കരകൗശലവികസന കോർപറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാർ, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക് എന്നിവരുടേതാണ് മറ്റ് പേരുകൾ. കോന്നിയിൽ എം.എസ്. രാജേന്ദ്രൻ, ഡി.വൈ.എഫ്.ഐ നേതാവ് കെ.യു. ജനീഷ് കുമാർ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു തുടങ്ങിയ പേരുകളുയരുന്നു. അരൂരിൽ പി.പി. ചിത്തരഞ്ജൻ, സി.ബി. ചന്ദ്രബാബു, ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവരാണ് സാദ്ധ്യതാപട്ടികയിൽ.

എറണാകുളത്ത് സ്വതന്ത്ര മുഖങ്ങളെ തേടുന്നതായി സൂചനയുണ്ട്. പ്രമുഖ പത്രപ്രവർത്തകൻ കെ.എം. റോയിയുടെ മകൻ മനു റോയ്, മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോളിന്റെ മകനും പത്രപ്രവർത്തകനുമായ ഡോൺ ബാസ്റ്റ്യൻ, മത്സ്യത്തൊഴിലാളി നേതാവ് യേശുദാസ് പറപ്പള്ളി തുടങ്ങിയ പേരുകളാണ് സാദ്ധ്യതാപട്ടികയിൽ. മഞ്ചേശ്വരത്ത് ജില്ലാ സെക്രട്ടേറിയറ്റംഗം കെ.ആർ. ജയാനന്ദ, സംസ്ഥാന സമിതി അംഗം സി.എച്ച്. കുഞ്ഞമ്പു എന്നീ പേരുകളാണ് ചർച്ചയിലെങ്കിലും ജയാനന്ദയ്ക്ക് മുൻതൂക്കമുണ്ട്.

പീതാംബരക്കുറുപ്പിന്

മുൻതൂക്കം

കോൺഗ്രസ് സാദ്ധ്യതാ പട്ടികയിൽ വട്ടിയൂർക്കാവിൽ എൻ. പീതാംബരക്കുറുപ്പിന് മുൻതൂക്കമുണ്ട്. മനുഷ്യാവകാശ കമ്മിഷൻ അംഗം കെ. മോഹൻകുമാർ, എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, യുവജനക്ഷേമ ബോർഡ് മുൻ അദ്ധ്യക്ഷൻ ആർ.വി. രാജേഷ്, കെ.എസ്.യു നേതാവ് ജെ.എസ്. അഖിൽ, ശാസ്തമംഗലം മോഹൻ തുടങ്ങിയ പേരുകളും ഉയരുന്നു. കോന്നിയിൽ ജില്ലാ പഞ്ചായത്തംഗം എലിസബത്ത്, അരൂരിൽ ഷാനിമോൾ ഉസ്മാൻ, എറണാകുളത്ത് ടി.ജെ. വിനോദ് എന്നീ പേരുകൾക്കാണ് മുൻതൂക്കമെങ്കിലും മറ്റ് അര ഡസനോളം പേരുകളും പരിഗണനയ്ക്ക് എത്തിയിട്ടുണ്ട്.

എറണാകുളത്ത് മുൻ എം.പി കെ.വി. തോമസും രംഗത്തുണ്ട്. മറ്രൊരു മുൻ എം.പി ഹെൻട്രി ഒാസ്റ്റിന്റെ പേരും സജീവമാണ്. മഞ്ചേശ്വരത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.സി. ഖമറുദ്ദീനാണ് മുൻതൂക്കം.

വി.വി. രാജേഷിന് സാദ്ധ്യത

ബി.ജെ.പിയിൽ വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരന്റെ പേരിന് മുൻതൂക്കമുള്ള പാനൽ എം.ടി. രമേശിന്റെ നേതൃത്വത്തിലുള്ള ഉപസമിതി തയ്യാറാക്കിയെങ്കിലും വി.വി. രാജേഷിനാണ് കൂടുതൽ സാദ്ധ്യത. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കുമ്മനത്തെ മത്സരിപ്പിക്കണമെന്ന കർശന നിലപാടെടുത്ത ആർ.എസ്.എസ് നേതൃത്വമാകട്ടെ വട്ടിയൂർക്കാവിൽ ഒരു പേരും പറയുന്നില്ല. മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ കുമ്മനം പാർട്ടി പറഞ്ഞാൽ മാത്രമിറങ്ങുമെന്ന നിലപാടിലും. പി.എസ്. ശ്രീധരൻപിള്ള, എസ്. സുരേഷ് എന്നിവരുടെ പേരുകളും ചർച്ചകളിലുണ്ട്.

കോന്നിയിലും മഞ്ചേശ്വരത്തും കെ. സുരേന്ദ്രൻ വേണമെന്ന നിർദ്ദേശമുണ്ടെങ്കിലും അദ്ദേഹം താത്പര്യമില്ലെന്ന് അറിയിച്ചു. കോന്നിയിൽ ശോഭാ സുരേന്ദ്രന്റേതടക്കമുള്ള പേരുകളുമുയരുന്നു. എറണാകുളത്ത് മഹിളാമോർച്ച നേതാവ് പത്മജ, ടോം വടക്കൻ തുടങ്ങിയ പേരുകളുയർന്നിട്ടുണ്ട്. മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാർ, എം. ശ്രീകാന്ത് തുടങ്ങിയ പേരുകളാണ് സജീവം.