madhu
അടൂർ ഗോപാലകൃഷ്ണനൊപ്പം 1973ൽ മോസ്കോ ഫിലിംഫെസ്റ്റിവലിനെത്തിയ മധു

തിരുവനന്തപുരം: അമിതാഭ് ബച്ചന്റെയും നമ്മുടെ മധുസാറിന്റെയും ആദ്യ ഹിന്ദി ചിത്രം ഒന്നായിരുന്നു 1969-ൽ പുറത്തിറങ്ങിയ സാത് ഹിന്ദുസ്ഥാനി! അതിൽ തുല്യപ്രാധാന്യമുള്ള വേഷങ്ങളിലെത്തിയ ഏഴു നടന്മാരിൽ രണ്ടു പേരാണ് മധുവും അമിതാഭ് ബച്ചനും.

പിന്നെയും നാല് ബോളിവുഡ് ചിത്രങ്ങളിൽ മധു അഭിനയിച്ചു. അക്കാലത്ത് സൂപ്പർതാരങ്ങളായിരുന്ന സുനിൽദത്തും വഹീദാ റഹ്മാനും ചേർന്നാണ് മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ 'പ്രിയ'യുടെ സ്വിച്ച് ഓൺ നിർവഹിക്കാനെത്തിയത്!

ജീവചരിത്രത്തിലെ സംഭവബഹുമായ ഈ രംഗങ്ങളുടെയൊന്നും ചിത്രങ്ങൾ സൂക്ഷിക്കുന്ന പതിവ് കഥാനായകനില്ല. ഇതൊക്കെ തപ്പിയെടുക്കാൻ കുറച്ചുനാളായി ഒരാൾ ശ്രമിക്കുകയായിരുന്നു- മധുവിന്റെ പുത്രി ഉമയുടെ ഭർത്താവ് കൃഷ്ണകുമാർ. മധുവിന്റെ സുഹൃത്തുക്കൾ, അക്കാലത്തെ സിനിമാപ്രവർത്തകർ, മാദ്ധ്യമപ്രവർത്തർ, ഫോട്ടോഗ്രാഫർമാർ.... ഇവരിൽ നിന്നൊക്കെ ഭാര്യാപിതാവിന്റെ സിനിമാ ചരിത്രത്തിന്റെ ഫ്രെയിമുകൾ ശേഖരിച്ചു. ഒപ്പം വീഡിയോകളും. സ്വകാര്യ ശേഖരത്തിൽ വയ്ക്കാതെ അതെല്ലാം സിനിമയെ ഇഷ്ടപ്പെടുന്നവർക്കായി പങ്കുവയ്ക്കാൻ കൃഷ്ണകുമാർ ഒരു വെബ്സൈറ്റും തുടങ്ങി. എല്ലാറ്റിനും സഹായിയി കൂടിയത് ഭാര്യ ഉമ.

വെബ് സൈറ്റ് സമഗ്രമാക്കാൻ ലേഖനങ്ങൾ വേണമായിരുന്നു. ഉമ തന്നെ ഓരോരുത്തരെയായി വിളിച്ചു. എം.ടി.വാസുദേവൻ നായർ, അടൂർ ഗോപാലകൃഷ്ണൻ, മമ്മൂട്ടി, മോഹൻലാൽ, ശ്രീകുമാരൻ തമ്പി, ഷീല തുടങ്ങിയവർ ലേഖനങ്ങളെഴുതി. മമ്മൂട്ടി എഴുതിയ ലേഖനമാണ് അദ്യത്തേത്. തലകെട്ട്: 'എന്റെ സൂപ്പർ സ്റ്റാർ.'

നാനൂറ്റിയമ്പതിലധികം ഫോട്ടോകൾ. പലതും അപൂർവം. നൂറ്റിനാൽപതോളം മറക്കാനാകാത്ത ഗാനങ്ങൾ, മധുവിന്റെ ജിവചരിത്രം, ഇന്റർവ്യൂകൾ. ഒരു ഓൺലൈൻ എക്സിബിഷൻ കാണുന്ന അനുഭവമാണ് www.madhutheactor.com എന്ന വെബ്‌സൈറ്റ്. പരസ്യചിത്രത്തിൽ അഭിനയിച്ച ആദ്യ മലയാള നടൻ മധുവാണെന്നത് ഉൾപ്പെടെയുള്ള കൗതുകങ്ങളും വെബ്സൈറ്റിലുണ്ട്.

ഇന്നലെ സംവിധായകൻ ശ്രീകുമാരൻ തമ്പി പ്രകാശനം ചെയ്ത വെബ് സൈറ്റ് അച്ഛന് തങ്ങളുടെ പിറന്നാൾ സമ്മാനമാണെന്ന് ഉമയും കൃഷ്ണകുമാറും പറഞ്ഞു.