ബാലരാമപുരം: കരമന- കളിയിക്കാവിള ദേശീയപാതയിൽ പള്ളിച്ചൽ പഞ്ചായത്തിൽ പൂങ്കോട് വാർഡിലെ മുടവൂർപ്പാറ- ദിലീപ് റോഡ് തകർന്ന് തരിപ്പണമായിട്ട് കാലങ്ങളായി. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇപ്പോൾ നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്. റോഡ് തകർന്നിട്ട് ഒന്നരവർഷത്തോളമായി. ഒരു വാഹനങ്ങൾക്കും കടന്നുപോകാൻ കഴിയാത്തവിധം റോഡ് പൊട്ടിപ്പൊളിഞ്ഞ് വൻ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. മഴപെയ്ത് വെള്ളക്കെട്ടായ റോഡിലെ കുഴികളിൽ വീണ് അപകടം പറ്റുന്നവരുടെ എണ്ണം കുറവല്ല. ഇതിൽ ഏറെയും രാത്രികാല സഞ്ചാരികളാണ്. 2016ൽ ആണ് റോഡ് ടാറ് ചെയ്തത്. എന്നാൽ അശാസ്ത്രിയമായ റോഡ് നിർമ്മാണമാണ് റോഡ് തകരാൻ കാരണമെന്നും ആക്ഷേപമുണ്ട്. ദീർഘകാല സുരക്ഷിതത്വമില്ലാതെ ഇനി റോഡ് പണി ചെയ്യാൻ കരാറുകാരെ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. ഇന്നലെ പൊയ്ത കനത്ത മഴയിലും റോഡ് തടാകം പോലെ ആയി.
ഉപറോഡുകളുടെ നവീകരണത്തിന് തുച്ഛമായ ഫണ്ട് മാത്രമേ പഞ്ചായത്തിൽ നിന്നും അനുവദിക്കുകയുള്ളൂ. ഇക്കാരണത്താൽ നിർമ്മാണത്തിൽ ക്രിതൃമത്വം കാണിച്ച് കരാറുകാരൻ തടിതപ്പുകയാണ്. കരാറുകാരന് വർക്ക് കൈമാറി കഴിഞ്ഞാൽ റോഡിന്റെ നിർമ്മാണം നടക്കുന്ന സമയങ്ങളിൽ അസിസ്റ്റൻഡ് എൻജിനീയർ സ്ഥലം പോലും സന്ദർശിക്കാറില്ല. ചുരുങ്ങിയ കാലയളവിൽ റോഡിന്റെ സുരക്ഷിതത്വം നഷ്ടപ്പെടുന്നതിന് ഇതും ഒരു കാരണമാണ്. റോഡ് ടാറിടുന്നതോടൊപ്പം ഓടയും നിർമ്മിച്ചാൽ മാത്രമേ മുടവൂർപ്പാറ –ദിലീപ് റോഡിന്റെ ദുരിതം മാറു.
റോഡിന്റെ ഇരുഭാഗത്ത് നിന്നും സ്ഥലം ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. ദീർഘകാല സുരക്ഷിതത്വത്തിൽ റോഡ് നിർമ്മിക്കാൻ 25 ലക്ഷം രൂപയോളം ചെലവ് വരും. ഇത്രയും തുക പഞ്ചായത്ത് മെമ്പറുടെ വാർഷിക പദ്ധതി ഫണ്ടിൽ നിന്നും അനുവദിക്കാറില്ല. റോഡ് എത്രയും വേഗം നവീകരിക്കാൻ ബ്ലോക്ക് –ജില്ലാ പ്രതിനിധികളോട് നാട്ടുകാരും റസിഡന്റ്സ് അസോസിയേഷനും ഫണ്ട് ആവശ്യപ്പെട്ടെങ്കിലും അവരും കൈയ്യൊഴിഞ്ഞിരിക്കുകയാണ്.