തിരുവനന്തപുരം: ക്രിസ്ത്യൻ മാനേജ്മെന്റുകൾക്ക് കീഴിലുള്ള സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കൽ കോളേജുകൾ ഫീസ് നിർണ്ണയ സമിതിയുടെ നിർദ്ദേശം ലംഘിച്ച് അധികമായി വാങ്ങിയ എൻ.ആർ.ഐ ഫീസ് വിദ്യാർത്ഥികൾക്ക് തിരികെ നൽകണമെന്ന് ജസ്റ്റിസ് ആർ.രാജേന്ദ്ര ബാബു കമ്മിറ്റി ഉത്തരവായി.
തൃശ്ശൂർ അമല തൃശ്ശൂർ ജൂബിലി , മലങ്കര ഓർത്തഡോക്സ് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് മാനേജ്മെന്റുകൾക്കാണ് നിർദേശം. ഇവർ അധികമായി വാങ്ങിയ ഫീസ് ഉടനെ തിരിച്ചു നൽകുകയോ പിന്നീടുള്ള വർഷങ്ങളിലെ വാർഷിക ട്യൂഷൻ ഫീസിൽ നിന്ന് ഇളവ് വരുത്തുകയോ ചെയ്യണം. . അധിക ഫീസ് വാങ്ങിയതായി ഈ സ്ഥാപനങ്ങൾക്കെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും പരാതി ഉന്നയിച്ചിരുന്നു.
സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എൻ.ആർ.ഐ സീറ്റിന് 18 ലക്ഷമാണ് കമ്മിറ്റി 2017 ൽ പുതുക്കി നിശ്ചയിച്ച വാർഷിക ഫീസ്. എന്നാൽ ഈ കോളേജുകൾ 20 ലക്ഷം വാങ്ങിയെന്നാണ് പരാതി. അഞ്ചു വർഷത്തേക്കുള്ള ഫീസിൽ ഓരോ വർഷവും രണ്ട് ലക്ഷമാണ് വിദ്യാർത്ഥികൾ ഇതിലൂടെ അധികമായി നൽകേണ്ടി വരിക. 15 എൻ.ആർ.ഐ സീറ്റുകളാണ് ഓരോ കോളേജിലും ഉള്ളത്. നാല് കോളേജുകളിലായി 60 വിദ്യാർത്ഥികളിൽ നിന്നാണ് അധിക ഫീസ് വാങ്ങിയിട്ടുള്ളത്. ആദ്യ വർഷം 18 ലക്ഷത്തിനു പകരം 20 ലക്ഷം വാങ്ങിയപ്പോൾ വിദ്യാർത്ഥികൾ പരാതിപ്പെടുകയായിരുന്നു. എന്നാൽ മാനേജ്മെന്റ് വിദ്യാർത്ഥികളുടെ പരാതി മുഖവിലയ്ക്കെടുത്തില്ല.
വിദ്യാർത്ഥികളിൽ നിന്ന് അധികമായി ഫീസ് വാങ്ങുന്നത് ഗൗരവമായിട്ടാണ് കാണുന്നതെന്ന് രാജേന്ദ്രബാബു കമ്മിറ്റി നാല് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർക്കും അയച്ച കത്തിൽ പറയുന്നു. .