മലയിൻകീഴ്: ഊറ്റുകുഴി സ്വർണ്ണക്കാട് മുളയറ സിനോ ഭവനിൽ രാജന്റെയും (33), സമീപവാസിയും വിദ്യാർത്ഥിയുമായ ഫ്രിൻസ്ജോയിയുടെയും (22) മരണം ഉൾക്കൊള്ളാനാകാതെ വീട്ടുകാരും നാട്ടുകാരും ഒരുപോലെ വിതുമ്പി. നോർക്ക ജീവനക്കാരനായ രാജനോടൊപ്പം ബൈക്കിലാണ് കാലങ്ങളായി ഫ്രിൻസ്ജോയി പഠിക്കാൻ പോകുന്നത്. ഇന്നലെയും രാവിലെ രാജന്റെ വിളിയെത്തിയിരുന്നു. ഫ്രിൻസേ, ഞാനിറങ്ങി. വരുന്നില്ലേ ?. ഇവരുടെത് അവസാന യാത്രയാകുമെന്ന് സ്വപ്നത്തിൽ പോലും ആരും കരുതിയില്ല. രാജൻ മുളയറയിൽ താമസിച്ചിരുന്നപ്പോൾ മുതൽ ഫ്രിൻസ്ജോയി സഹയാത്രികനായിരുന്നു. ഫ്രിൻസിന്റെ വീടിനടുത്ത് അടുത്തിടെയാണ് രാജൻ പുതിയ വീട് പണിതത്. നോർക്കയിൽ ജോലിയുള്ളതിനാൽ പ്രവാസികൾക്കും രാജൻ പ്രിയപ്പെട്ടവനായിരുന്നു. കണ്ണമ്മൂല ജോൺ കോക്സ് മെമ്മോറിയൽ സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ടിലെ അവസാന വർഷ മെക്കാനിക്കൽ വിദ്യാർത്ഥിയായ ഫ്രിൻസ് നാട്ടിലെ കലാ-സാംസ്കാരിക രംഗത്ത് സജീവമായിരുന്നു.
രാജന്റെയും ഫ്രിൻസിന്റെയും മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം നാട്ടുകാർ ഊറ്റുകുഴി സദനത്തിന് മുന്നിൽ പൊതുദർശനത്തിന് വച്ചു. രാജന്റെ മൃതദേഹം കുടുംബ വീടായ നൂലിയോട്ടും ഫ്രിൻസിന്റേത് നെടുങ്കുഴി സദനത്തിന് സമീപത്തെ വീട്ടിലും സംസ്കരിച്ചു. ഒരുനോക്ക് കാണാൻ തടിച്ച് കൂടിയവർ നിറകണ്ണുകളോടെയാണ് ഇരുവർക്കും യാത്രാമൊഴി നൽകിയത്.