cash

തിരുവനന്തപുരം: ഓണക്കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാങ്ക് പലിശ തുണയായി.ഓണക്കാലത്ത് ഒരു മാസത്തെ ശമ്പളം അഡ്വാൻസായി നൽകുന്ന പതിവുണ്ട്.ഇത് പത്ത് ഗഡുക്കളായാണ് തിരിച്ചു പിടിക്കുക.അതിനാൽ ശമ്പളത്തിന് വേണ്ട തുകയുടെ ഇരട്ടിത്തുക ഓണക്കാലത്ത് വേണ്ടി വരും.

ശബരിമല മണ്ഡല സീസൺ തുടങ്ങും മുമ്പ് സന്നിധാനത്തെയും പമ്പയിലെയും കടകളുടേതടക്കം വിവിധ ലേലങ്ങളിൽ നിന്ന് കിട്ടുന്ന അഡ്വാൻസ് തുകയാണ് ഓണക്കാലത്ത് ശമ്പളത്തിനും അലവൻസിനുമായി ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത്തവണത്തെ ലേലം കാലവർഷം കാരണം യഥാസമയം നടത്താൻ സാധിച്ചില്ല. ശമ്പളം മുടങ്ങിയേക്കുമെന്ന ഘട്ടത്തിലാണ് ധനലക്ഷ്മി ബാങ്കിൽ ബോണ്ട് ഇനത്തിൽ നിക്ഷേപിച്ചിട്ടുള്ള 150 കോടിയുടെ പലിശയിൽ നിന്ന് പണം പിൻവലിച്ചത്.ലേലം കഴിഞ്ഞാൽ ഈ തുക തരിച്ചടയ്ക്കുമെന്നാണ് ബോർഡ് അധികൃതർ പറയുന്നത്.

ശബരിമലയിലെ സ്ത്രീപ്രവേശന പ്രശ്നത്തെത്തുടർന്ന് കഴിഞ്ഞ മണ്ഡലകാലത്ത് നടവരവിൽ 98 കോടിയുടെ കുറവുണ്ടായിരുന്നു. അത് പരിഹരിക്കാൻ 100 കോടി രൂപ സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. മൂന്ന് ഗഡുക്കളായി തുക നൽകുമെന്നാണ് പറഞ്ഞിരുന്നത്. ആദ്യ ഗഡുവായി 30 കോടി കഴിഞ്ഞാഴ്ച അനുവദിച്ചെങ്കിലും ഇനിയും ബോർഡിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ല.