കോവളം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ വാതിൽ തുറന്ന് റോഡിലേക്ക് വീണ യാത്രക്കാരന് ഗുരുതര പരിക്ക്. പുല്ലുവിള പള്ളികെട്ടിയ പുരയിടത്തിൽ പൗലോസിനാണ് (50) തലയ്ക്ക് ഗുരുതര പരിക്കേറ്റത്. ഇന്നലെ വൈകിട്ട് തെന്നൂർക്കോണത്തുവച്ചായിരുന്നു അപകടം. ബസിന്റെ പടിയിൽ വീണ നാണയമെടുക്കാൻ കുനിഞ്ഞപ്പോൾ വാതിൽ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ അപകടശേഷം ബസ് നിറുത്താതെ പോയെന്ന് പരാതിയുണ്ട്. തിരുവനന്തപുരത്തു നിന്നു വിഴിഞ്ഞം വഴി പൂവാറിലേക്ക് പോയ ബസിലാണ് സംഭവം. നാട്ടുകാർ ഇയാളെ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.