മൂന്നാം ട്വന്റി-20 യിൽ ശ്രേയസ് അയ്യരും ഋഷഭ് പന്തും നാലാമനായി ഒരുമിച്ചിറങ്ങിയത് കൗതുകമായി
ബംഗ്ളൂരു : ഇംഗ്ളണ്ടിൽ നടന്ന ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യൻ ക്രിക്കറ്റിലെ ചൂടേറിയ വിവാദം നാലാം നമ്പർ ബാറ്റിംഗ് പൊസിഷനിൽ ആരെയിറക്കും എന്നതായിരുന്നു. അമ്പാട്ടി റായ്ഡുവിന്റെ താല്ക്കാലിക വിരമിക്കൽ വരെയുളള ആഫ്ടർ ഇഫക്ടുകൾ കണ്ട സെലക്ടർമാരുടെ ചാഞ്ചാട്ടത്തിൽ വിജയ് ശങ്കർ, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത് തുടങ്ങിയവരൊക്കെ നാലാം നമ്പരിൽ പരീക്ഷിക്കപ്പെട്ടു. എന്നാൽ, ലോകകപ്പിന് ശേഷവും നാലാം നമ്പരിലെ ഭൂതം ഇന്ത്യൻ ക്രിക്കറ്റിനെ വിട്ടൊഴിഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതായി മൂന്നാം ട്വന്റി-20യിലെ ഋഷഭ്പന്തിന്റെയും ശ്രേയസ് അയ്യരുടെയും ഡഗ്ഔട്ടിലെ ആശയക്കുഴപ്പം.
ബംഗളൂരുവിൽ നടന്ന മൂന്നാം ട്വന്റി-20യിൽ ശിഖർധവാന്റെ വിക്കറ്റ് വീണപ്പോൾ ഇന്ത്യൻ ടീമിന്റെ ഡഗ് ഔട്ടിൽ നിന്ന് നാലാമനായി ബാറ്റ് ചെയ്യാൻ ഗ്രൗണ്ടിലേക്ക് ഇറങ്ങാൻ എഴുന്നേറ്റത് രണ്ടുപേരായിരുന്നു , ഋഷഭ് പന്തും ശ്രേയസ് അയ്യരും. രണ്ടുപേരും ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് പരിശീലകരുടെ ശ്രദ്ധയിൽപ്പെടുന്നതും ശ്രേയസിനെ തിരിച്ചു വിളിക്കുന്നതും. തുടർന്ന് ഋഷഭ് നാലാമനായി ബാറ്റിംഗിനിറങ്ങി 19 പന്തുകളിൽ 19 റൺസെടുക്കുകയും ചെയ്തു.
മത്സര ശേഷം സംഭവത്തെക്കുറിച്ച് ക്യാപ്ടൻ വിരാട് കൊഹ്‌ലിയോട് ചോദിച്ചപ്പോൾ ചിരിയായിരുന്നു മറുപടി. ബാറ്റിംഗ് കോച്ചും കളിക്കാരും തമ്മിലുണ്ടായ ആശയക്കുഴപ്പം കാരണമാണ് രണ്ടുപേരും ഒരുമിച്ചിറങ്ങിയതെന്ന് കൊഹ്‌ലി പറഞ്ഞു. രണ്ടുപേരും കൂടി ഗ്രൗണ്ടിലിറങ്ങിയിരുന്നുവെങ്കിൽ നല്ല രസമായിരുന്നേനെയെന്നും കൊഹ്‌ലി കൂട്ടിച്ചേർത്തു.
ആദ്യ പത്തോവറിനുള്ളിൽ രണ്ടാം വിക്കറ്റ് പോവുകയാണെങ്കിൽ ശ്രേയസിനെ അയയ്ക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പത്തോവറിന് ശേഷമാണെങ്കിൽ ഋഷഭിനെയും. ഇക്കാര്യം ഇരുവരെയും വ്യക്തമായി അറിയിക്കുന്നതിൽ ബാറ്റിംഗ് കോച്ചിന് പിഴച്ചു. താനാണ് നാലാമനായി ഇറങ്ങേണ്ടതെന്ന് ഓരോരുത്തരും കരുതി. ശിഖർ ധവാൻ പുറത്തായത് എട്ടാം ഓവറിലായിരുന്നു. ടീം മാനേജ്മെന്റിന്റെ പ്ളാനനുസരിച്ച് പോകേണ്ട ശ്രേയസ് ഇറങ്ങിയപ്പോൾ കാര്യമറിയാതെ പതിവ് പൊസിഷനിൽ ഋഷഭും ഇറങ്ങി. പെട്ടെന്നു തന്നെ ശ്രേയസിനെ തിരിച്ചു വിളിച്ച് ബാറ്റിംഗ് കോച്ച് തടിയൂരി.
മോശം പ്രകടനത്തിന്റെ പേരിൽ സമ്മർദ്ദത്തിൽ നിൽക്കുന്ന ഋഷഭ് പന്ത് ആ ടെൻഷനിലാണ് കോച്ച് പറഞ്ഞ് മനസ്സിലാകാതെ ക്രീസിലേക്ക് നടന്നതെന്നും കുസൃതിക്കഥകളുണ്ട്. എന്നാൽ നന്നായി പെർഫോം ചെയ്യാനുള്ള ഒരവസരം കൂടിയാണ് പന്ത് ബംഗ്ളൂരുവിൽ പാഴാക്കിയത്. പന്ത് ക്രീസിലേക്ക് എത്തുമ്പോൾ 7.2 ഓവറിൽ 63/2 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിക്കാൻ ഋഷഭ് പന്തിന് കഴിഞ്ഞിരുന്നുവെങ്കിൽ ഒരുപക്ഷേ, വിമർശനങ്ങളെ അതിജീവിക്കാൻ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന് കഴിഞ്ഞേനെ. ഇന്നിംഗ്സിന്റെ തുടക്കത്തിൽ കൂറ്റൻ ഷോട്ടുകൾക്ക് പന്ത് മുതിർന്നില്ല. താളത്തിലേക്ക് എത്താൻ ക്ഷമയോടെ ക്രീസിൽ നിന്നു. എന്നാൽ, ഷോട്ടുകളിക്കാൻ തുടങ്ങിയതോടെ അടിതെറ്റി വീണു. 20 പന്തുകൾ നേരിട്ട ഋഷഭ് ഓരോ ഫോറും സിക്സുമടിച്ചശേഷം ലോംഗ് ഓഫിലേക്ക് ഷോട്ട് കളിക്കാൻ ശ്രമിക്കവേ ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഋഷഭ് പന്ത് ടീമിലുണ്ടെങ്കിലും പ്ളേയിംഗ് ഇലവനിലെത്താൻ സാധ്യതയില്ല. പരിക്ക് മാറിയെത്തിയിട്ടും വിൻഡീസ് പര്യടനത്തിൽ പന്തിനെ പരീക്ഷിക്കാൻ അവസരം നൽകി പുറത്തിരുന്ന വൃദ്ധിമാൻ സാഹയാകും ടെസ്റ്റിൽ കീപ്പിംഗ് ഗ്ളൗസണിയുക.
അതേസമയം, ഋഷഭ് പന്തിന്റെ സമ്മർദ്ദം കുറയ്ക്കാൻ നാലാം നമ്പർ പൊസിഷനിൽ നിന്ന് അഞ്ചാം നമ്പരിലേക്ക് മാറ്റി പരീക്ഷിക്കണമെന്ന് മുൻ താരം വി.വി.എസ് ലക്ഷ്മൺ അഭിപ്രായപ്പെട്ടു.
''ഋഷഭിന്റെ ശൈലി അക്രോമോത്സുക ബാറ്റിംഗിന്റേതാണ്. അങ്ങനെയുള്ള കളിക്കാരനെ നാലാം നമ്പരിൽ ഇറക്കുന്നത് നീതികേടാണ്. ഇന്നിംഗ്സ് ഫിനിഷ് ചെയ്യാനായി അഞ്ചാമനോ ആറാമനോ ആയി ഇറക്കുകയാണ് നല്ലത്. നാലാം നമ്പരിൽ ശ്രേയസോ ഹാർദിക് പാണ്ഡ്യയോ ആണ് നല്ല ഓപ്ഷൻ."
-വി.വി.എസ്. ലക്ഷ്മൺ.
ലോകകപ്പിനായി റിസ്കെടുത്ത് കൊഹ്‌ലി
ബംഗ്ളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന കഴിഞ്ഞ ആറ് ട്വന്റി-20 മത്സരങ്ങളിലും ടോസ് നേടിയ ടീം ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്തിരുന്നില്ല. എന്നാൽ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി-20യിൽ ടോസ് ലഭിച്ചപ്പോൾ ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി നിർഭയം വ്യക്തമാക്കി- ഞങ്ങൾ ബാറ്റിംഗിനിറങ്ങുന്നു.
ചിന്നസ്വാമിയിലെ പിച്ചിൽ ആദ്യ ബാറ്റിംഗ് ദുഷ്കരമാണെന്നത് മനസ്സിലാക്കിത്തന്നെയാണ് ആ തീരുമാനമെടുത്തതെന്ന് കൊഹ്‌ലി പറയുന്നു. അടുത്ത വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പ് മനസ്സിൽ കണ്ടായിരുന്നു ആ തീരുമാനം. പ്രതികൂല സാഹചര്യങ്ങൾ നേരിട്ട് പരിചയമുണ്ടാക്കുക എന്നതായിരുന്നു ചിന്നസ്വാമിയിലെ ആദ്യ ബാറ്റിംഗ് തീരുമാനത്തിന് പിന്നിൽ. അതുകൊണ്ടുതന്നെ മത്സരത്തിൽ തോറ്റെങ്കിലും തന്റെ തീരുമാനം തെറ്റിയതായി തോന്നുന്നില്ലെന്നും ഇന്ത്യൻ നായകൻ പറഞ്ഞു.
''റിസ്കെടുത്തെങ്കിലേ ക്രിക്കറ്റിൽ വിജയിക്കാൻ കഴിയൂ. പ്രതികൂല സാഹചര്യങ്ങളോട് പൊരുതണമെങ്കിൽ അതിനുള്ള പരിചയം വേണം. എപ്പോഴും സുരക്ഷിതമായ രീതിയിൽ കളിച്ചാൽ പ്രതികൂല സാഹചര്യങ്ങൾ വരുമ്പോൾ പകച്ചുപോകും. അതൊഴിവാക്കാനുള്ള ശ്രമമാണ് ബംഗ്ളൂരുവിൽ നടത്തിയത്. ട്വന്റി-20 ലോകകപ്പിനു മുമ്പ് വ്യത്യസ്തമായ ബാറ്റിംഗ് കോമ്പിനേഷനുകൾ പരീക്ഷിക്കേണ്ടതുണ്ട്. ഒമ്പതാം നമ്പർ പൊസിഷനിൽ വരെ ഇപ്പോൾ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാൻമാരെ ഇറക്കാൻ കഴിയും. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് പരീക്ഷണങ്ങൾ നടത്തേണ്ടത്?"
-വിരാട് കൊഹ്‌ലി
കൊഹ്‌ലിക്ക് താക്കീത്
മൂന്നാം ട്വന്റി -20 മത്സരത്തിനിടെ ദക്ഷിണാഫ്രിക്കൻ പേസർ ബ്യൂറൻ ഹെൻഡ്രിക്സിന്റെ ശരീരത്തിൽ തട്ടിയതിന് ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലിയെ ഐ.സി.സി താക്കീത് ചെയ്തു. ഇന്ത്യൻ ഇന്നിംഗ്സിലെ അഞ്ചാം ഓവറിനിടെ റണ്ണെടുക്കാൻ ഓടുന്നതിനിടെയായിരുന്നു സംഭവം. കൊഹ്‌ലിക്ക് ഒരു ഡി മെരിറ്റ് പോയിന്റും ഐ.സി.സി നൽകിയിട്ടുണ്ട്. 2016ൽ പുതിയ നിയമം വന്നശേഷം കൊഹ്‌ലിക്ക് ഇതേവരെ മൂന്ന് ഡി മെരിറ്റ് പോയിന്റുകളായി.
ധോണിക്കൊപ്പം രോഹിത്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി-20 മത്സരത്തോടെ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ട്വന്റി-20 മത്സരങ്ങൾ കളിച്ച ധോണിയുടെ റെക്കാഡിനൊപ്പം രോഹിത് ശർമ്മയുമെത്തി. 98 ട്വന്റി-20 കളാണ് ഇരുവരും കളിച്ചിരിക്കുന്നത്. 78 ട്വന്റി -20കൾ കളിച്ച സുരേഷ് റെയ്നയാണ് രണ്ടാം സ്ഥാനത്ത്.