മുംബയ് : ഹൂസ്റ്റണിൽ ആരവമായി മാറിയ 'ഹൗഡി മോഡി' പരിപാടിയിൽ ശ്രദ്ധ നേടി അമേരിക്കൻ നാഷണൽ ബാസ്കറ്റ് ബാൾ അസോസിയേഷൻ ലീഗും. അടുത്തമാസം ഇന്ത്യയിൽ നടക്കുന്ന എൻ.ബി.എ. ബാസ്കറ്റ് ബാൾ ലീഗിന്റെ പേരെടുത്ത് പറഞ്ഞ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മത്സരങ്ങൾ കാണാൻ താൻ എത്തിയേക്കുമെന്ന സൂചന നൽകിയപ്പോൾ കയ്യടികളോടെയാണ് കായിക പ്രേമികൾ വരവേറ്റത്.
''ഉടൻ തന്നെ ലോകോത്തരമായ ഒരു അമേരിക്കൻ ഉല്പന്നം ഇന്ത്യയിലെത്തുന്നുണ്ട്,എൻ.ബി.എ. അടുത്തയാഴ്ച മുംബയ്‌യിൽ ആയിരങ്ങൾ ആദ്യമായി എൻ.ബി.എ മത്സരങ്ങൾ കാണാൻ ഒന്നിച്ചുകൂടും. എന്നെ കളി കാണാൻ വിളിക്കുന്നില്ലേ മോഡീ, സൂക്ഷിച്ചോ ഞാൻ വന്നേക്കും.'' എന്നാണ് ട്രംപ് പറഞ്ഞത്. ഇതുകേട്ട് അടുത്തുനിന്ന മോഡി ചിരിക്കുകയും ചെയ്തു.
ഒക്ടോബർ നാല്, അഞ്ച് തീയതികളിലാണ് മുംബയ്‌യിൽ എൻ.ബി.എ ക്ളബുകളുടെ പ്രദർശന മത്സരം നടക്കുന്നത്. സക്രാമെന്റോ കിംഗ്സും ഇന്ത്യാന പേസേഴ്സും തമ്മിലുള്ള പ്രീ സീസൺ മത്സരമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
റിലയൻസ് ഫൗണ്ടേഷനുമായി ചേർന്നാണ് എൻ.ബി.എ. മത്സരങ്ങൾ. ഒക്ടോബർ നാലിലെ മത്സരങ്ങൾ 3000ത്തോളം വരുന്ന റിലയൻസ് ഫൗണ്ടേഷൻ ജൂനിയർ പ്രോഗ്രാമിലെ കുട്ടികൾക്ക് കാണാൻ വേണ്ടിയുള്ളതാണ്. പിറ്റേന്നത്തെ മത്സരങ്ങൾ പൊതുജനങ്ങൾക്കും കാണാം. ഇതിന്റെ 90 ശതമാനം വിക്കറ്റുകളും വിറ്റഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി എൻ.ബി.എ റിലയൻസ് ഫൗണ്ടേഷനുമായി ചേർന്ന് ബാസ്കറ്റ്ബാൾ പരിശീലനം നൽകുന്നുണ്ട്.